ന്യൂഡൽഹി: യുഎസ് കൈമാറിയ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ തഹാവൂർ റാണയെ ഇന്ത്യയില്‍ എത്തിച്ചു. റാണയെ വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് (10-04-2025) ഉച്ചയോടെ ഡൽഹിയിലെ പലാം വിമാനത്താവളത്തിൽ ഇറങ്ങി. വിമാനത്താവളത്തിൽ വച്ച് ദേശീയ അന്വേഷണ ഏജൻസി റാണയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്‌തു.
എൻഐഎ അന്വേഷിക്കുന്ന ഭീകരാക്രമണ ഗൂഢാലോചനാ കേസ് ഡൽഹി കോടതിയിലാണ് പരിഗണിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ആഭ്യന്തര മന്ത്രാലയം അഭിഭാഷകൻ നരേന്ദർ മാനെ നിയമിച്ചു.റാണയെ ഉടന്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആസ്ഥാനത്തേക്ക് കൊണ്ടുപോകും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാന്‍ ഇന്ന് തന്നെ കോടതിയിൽ അപ്പീൽ നൽകും.
സുരക്ഷ പരിഗണിച്ച് തഹാവൂര്‍ റാണയെ ഓൺലൈനായി കോടതിയിൽ ഹാജരാക്കിയേക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ന്യൂഡൽഹിയിലെ പട്യാല ഹൗസ് കോടതിക്ക് പുറത്തും എൻഐഎ ആസ്ഥാനത്തിന് പുറത്തും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിയെ ആദ്യം തിഹാർ ജയിലിലേക്കും തുടർന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിലേക്കും മാറ്റും. അജ്‌മൽ കസബിനെ പാർപ്പിച്ച അതേ 12-ാം നമ്പർ ബാരക്കിൽ തന്നെ തഹാവൂര്‍ റാണയെയും പാർപ്പിക്കാൻ സാധ്യതയുണ്ടെന്ന് എന്‍ഐഎ വൃത്തം ഇടിവി ഭാരതിനോട് പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും
2009-ൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം എന്‍ഐഎ ഫയൽ ചെയ്‌ത കേസിലാണ് ആദ്യം പ്രതിയെ ചോദ്യം ചെയ്യുക. പിന്നീട് വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യലുണ്ടാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ മുംബൈ ഭീകരാക്രമണത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനും 2008-ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായിയാണ് തഹാവൂര്‍ റാണ. 2009 നവംബർ 11-ലെ ആഭ്യന്തര മന്ത്രാലയ ഉത്തരവ് പ്രകാരം ഭീകരവാദം, യുഎപിഎ അടക്കമുള്ള കുറ്റം ചുമത്തിയാണ് ഹെഡ്‌ലിക്കും റാണയ്ക്കും മറ്റുള്ളവർക്കുമെതിരെ എൻഐഎ കേസെടുത്തത്.
26/11 ഭീകരാക്രമണത്തില്‍ റാണക്കെതിരെ 405 പേജുള്ള അനുബന്ധ കുറ്റപത്രം 2023 സെപ്റ്റംബറിൽ, മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. റാണ, പ്രധാന ഗൂഢാലോചനക്കാരനായ ഹെഡ്‌ലിക്ക് യാത്രാ രേഖകൾ നൽകിയും മറ്റ് സഹായങ്ങള്‍ ചെയ്‌തും ആക്രമണങ്ങൾക്ക് സൗകര്യമൊരുക്കിയതായും മുംബൈ പൊലീസ് പറഞ്ഞു.
തഹാവൂര്‍ റാണ യുഎസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ ഇന്ത്യയ്ക്ക് കൈമാറുന്നത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ മൾട്ടി ഏജൻസി സംഘമാണ് യുഎസിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.