ന്യൂഡല്‍ഹി; മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ അടുത്ത മാസം ഒന്‍പത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. നേരത്തെ നല്‍കിയിരുന്ന ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയ റാണയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിക്കൊണ്ട് പ്രത്യേക ജഡ്‌ജി ചന്ദേര്‍ ജിത് സിങാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനിടെ റാണയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതരോട് ജഡ്‌ജി നിര്‍ദ്ദേശിച്ചു. റാണെയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അയാളുടെ അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍ മാന്‍ ഹെഡ്‌ലിയെന്ന ദാവൂദ് ഗിലാനിയുടെ വലംകൈയാണ് റാണെ. അമേരിക്കന്‍ പൗരനായ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി ഏപ്രില്‍ നാലിന് തള്ളിയതിന് പിന്നാലെയാണ് ഇന്ത്യയിലെത്തിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പത്ത് പാകിസ്ഥാന്‍ ഭീകരര്‍ അടങ്ങിയ ഒരു സംഘമാണ് 2008 നവംബര്‍ 26ന് റെയില്‍വേസ്റ്റേഷന്‍, രണ്ട് ആഡംബര ഹോട്ടലുകള്‍, ഒരു ജൂതമതകേന്ദ്രം എന്നിവിടങ്ങളില്‍ ആക്രമണം അഴിച്ച് വിട്ടത്. രാജ്യത്തിന്‍റെ വ്യവസായിക തലസ്ഥാനമായ മുംബൈയിലേക്ക് കടല്‍മാര്‍ഗമാണ് ഇവരെത്തിച്ചേര്‍ന്നത്. അറുപത് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 166 ജീവനുകളാണ് പൊലിഞ്ഞത്.
ഏപ്രില്‍ 10ന് റാണയെ പ്രത്യേക വിമാനത്തിലാണ് എന്‍ ഐ എ സംഘം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. ഈ കേസില്‍ 17 വര്‍ഷത്തിന് ശേഷമാണ് റാണയെ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
Also Read: ട്രംപ് -മസ്‌ക് പോര്; തകര്‍ന്നടിഞ്ഞ് അമേരിക്കന്‍ ഓഹരി വിപണി
പാക് വംശജനായ - കനേഡിയന്‍ ബിസിനസുകാരനും മുന്‍ പാക് സൈനിക ഡോക്‌ടറുമായിരുന്നു തഹാവൂര്‍ റാണ. 64 വയസുള്ള റാണ 1990ൽ കാനഡയിലേക്ക് കുടിയേറി. അവിടെ പൗരത്വവുമെടുത്തു. പിന്നീട് യുഎസിലെ ചിക്കാഗോയിലേക്ക് താമസം മാറി.
റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്‌ലി. ഹെഡ്‌ലിയുടെ പിതാവ് പാകിസ്ഥാനിയും മാതാവ് അമേരിക്കകാരിയുമായിരുന്നു. യു എസിലാണ് ഹെഡ്‌ലിയുടെ ജനനം. ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്‍റെ നിര്‍ദേശമനുസരിച്ച് മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ഹെഡ്‌ലിയെ സഹായിച്ചത് റാണയാണ്.ഹെഡ്‌ലിക്ക് ഇന്ത്യയില്‍ എത്താന്‍ വ്യാജ തിരിച്ചറിയല്‍ രേഖയും വിസയും റാണയാണ് സംഘടിപ്പിച്ചു നല്‍കിയതെന്ന് എന്‍എഎയുടെ കുറ്റപത്രത്തിലുണ്ട്. മാത്രമല്ല ഹെഡ്‌ലിയും റാണയും ലഷ്‌കറെ തയിബ, ഹർക്കത്ത്- ഉൽ ജിഹാദി ഇസ്ലാമി എന്നീ സംഘടനകളുമായി ചേർന്ന് ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.