മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിരക്കേറിയ ട്രെയിനിൽ വാതിലിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽപെട്ടത്.
താനെ ജില്ലയിലെ ദിവ, മുംബ്ര സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ട്രെയിനിലാണ് അപകടം. മുംബ്ര സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് പന്ത്രണ്ട് പേരാണ് ട്രാക്കിലേക്ക് വീണത്. വീണുകിടന്ന യാത്രക്കാരുടെ മുകളിലേക്ക് മറ്റൊരു ട്രെയിൻ പാഞ്ഞു കയറിയത് ദുരന്തത്തിൻ്റെ ആക്കം കൂട്ടി.
ട്രെയിനിൽ ശേഷിയിലധികം യാത്രക്കാരുണ്ടായിരുന്നതാണ് അപകട കാരണം. സുരക്ഷാക്രമീകരണങ്ങളില്ലാതെ തിങ്ങിനിറഞ്ഞ് യാത്ര ചെയ്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് താനെ ജിആർപി സീനിയർ പൊലീസ് ഇൻസ്പെക്ടർ അർച്ചന ദുസാനെ പറഞ്ഞു. രാവിലെ 9.30നാണ് അപകടവിവരം കൺട്രോൾ റൂമിൽ ലഭിച്ചതെന്ന് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സ്വപ്നി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിന് പിന്നാലെ റെയിൽവേ, പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവം സെൻട്രൽ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചു. സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.