ചെന്നൈ: ബില്ലുകള്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവർണറുടെ നയങ്ങള്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിധി ചരിത്രപരമാണെന്നും രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളുടെയും വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന നിയമസഭയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
'സംസ്ഥാന നിയമസഭകളുടെ നിയമ നിർമാണ അവകാശങ്ങൾ വീണ്ടും സ്ഥിരീകരിക്കുകയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുരോഗമനപരമായ നിയമനിർമാണ പരിഷ്‌കാരങ്ങൾ, കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്‌ത ഗവർണർമാർ തടയുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്‌ത ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഇന്നത്തെ ചരിത്രപരമായ വിധിന്യായത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും നന്ദി പറയുകയും ചെയ്യുന്നു.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനുള്ള മറ്റൊരു നിർണായക ഘട്ടമാണിത്. ഒരു യഥാർത്ഥ ഫെഡറൽ രാജ്യത്തിന് തുടക്കമിടാനുള്ള തമിഴ്‌നാടിന്‍റെ നിരന്തര പോരാട്ടത്തിലെ ഒരു നാഴികക്കല്ല് കൂടിയാണിത്. തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ഞങ്ങളുടെ നിയമസംഘത്തിനും എന്‍റെ അഭിനന്ദനങ്ങൾ!' - സ്റ്റാലിൻ എക്‌സില്‍ കുറിച്ചു.
We thank and welcome today’s historic judgment of the Hon’ble Supreme Court, reaffirming the legislative rights of State Legislatures and putting an end to the trend of Union government-nominated Governors stalling progressive legislative reforms in Opposition-ruled states.
— M.K.Stalin (@mkstalin) April 8, 2025
This… pic.twitter.com/6QoEOY4t2Q
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തമിഴ്‌നാട് ഗവർണർ ആർഎൻ രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും പാസാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. സംസ്ഥാന നിയമസഭയിൽ വീണ്ടും ബില്ലുകൾ പാസാക്കിയ ശേഷം അവതരിപ്പിക്കുമ്പോൾ ബില്ലുകൾ പാസായതായി കണക്കാക്കുമെന്ന് സുപ്രീംകോടതി വിധിച്ചു.
ബില്‍ അന്യായമായി പിടിച്ചുവെച്ചതില്‍ സുപ്രീം കോടതി ആര്‍ എന്‍ രവിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. രാഷ്‌ട്രപതിയുടെ പരിഗണനയ്ക്കായി 10 ബില്ലുകൾ മാറ്റിവയ്ക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.
പത്ത് ബില്ലുകള്‍ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി ഗവര്‍ണര്‍ മാറ്റിവച്ചത് നിയമവിരുദ്ധവും തെറ്റുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരം ഗവർണർക്ക് വിവേചനാധികാരമില്ല. മന്ത്രിമാരുടെ കൗൺസിലിന്‍റെ സഹായവും ഉപദേശവും അനുസരിച്ച് അദ്ദേഹം നിർബന്ധമായും പ്രവർത്തിക്കേണ്ടതാണ്. ഒരു സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചത് ഏകപക്ഷീയമായാണ് എന്നും കോടതി വിമര്‍ശിച്ചു.