ജാർഖണ്ഡ്: ഇന്ത്യ വികസന പാതയിലൂടെ മുന്നോട്ട് കുതിക്കുകയാണെന്നുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും നിരന്തരം കേള്‍ക്കുന്നവരാണ് നമ്മള്‍. റോഡ്, റെയില്‍വേ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങളെ എണ്ണിപ്പറയാറുമുണ്ട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍. എന്നാല്‍ ഇന്നും വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലയിടങ്ങളുണ്ട് ഇന്ത്യയില്‍.
അതിന് ഉത്തമ ഉദാഹരണമാണ് ഛത്രയിലെ ഹിന്ദിയ ഖുര്‍ദ്. ഗ്രാമത്തില്‍ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇല്ലെന്ന് പറയാം. പതിറ്റാണ്ടുകളായി ദുരിത ജീവിതം പേറുകയാണ് ഇവിടുത്തെ ജനത. വാഹനങ്ങളൊന്നും തന്നെ ഇവിടേക്ക് വരാറില്ല. എന്തിനേറെ പറയുന്നു ഗ്രാമവാസികള്‍ക്ക് അസുഖം വന്നാല്‍ അവരെ കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും ഇവിടെ എത്താറില്ല. അതാണ് അവസ്ഥ.
അതുകൊണ്ട് രോഗികള്‍ക്ക് കൃതൃ സമയത്ത് ചികിത്സ ലഭിക്കാറില്ല. ചിലര്‍ക്കാകട്ടെ ആശുപത്രിയിലേക്കുള്ള കാല്‍നട യാത്രക്കിടെ ജീവന്‍ നഷ്‌ടപ്പെടാറുമുണ്ട്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഒരു സ്‌കൂള്‍ പോലുമില്ല. മറ്റെവിടെയെങ്കിലും പോയി പഠിക്കാമെന്ന് കരുതിയാല്‍ റോഡില്ലാത്തത് വലിയ വെല്ലുവിളിയാണ്.

എന്തിന് അധികം പറയുന്നു, റോഡ് അടക്കമുള്ള സൗകര്യങ്ങളൊന്നും ഇല്ലാത്ത ഈ ഗ്രാമത്തിലേക്ക് മക്കളെ വിവാഹം ചെയ്‌ത് അയക്കാന്‍ പോലും മടിക്കുകയാണ് രക്ഷിതാക്കള്‍. റോഡ് സൗകര്യമില്ലാത്തതില്‍ 15 യുവാക്കളാണിപ്പോള്‍ വിവാഹ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നത്. ഇങ്ങനെ പോയാൽ ഈ ഗ്രാമം നിലനിൽക്കുമോയെന്ന സംശയത്തിലാണ് പ്രദേശവാസികള്‍.
പുറത്തുനിന്നുള്ളവർക്ക് ഇവിടെ എത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരിയായ വഴികൾ ഇല്ലാത്തതിനാൽ മാലിന്യം നിറഞ്ഞ പാതയിലൂടെ വേണം ഇവിടെ എത്താൻ. ഈ ഗ്രാമത്തിലെ വികസനത്തിൻ്റെ പിന്നോക്കാവസ്ഥക്ക് കാരണം റോഡുകളുടെ അഭാവമാണെന്ന് ഗ്രാമീണർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാഗ്‌ദാനങ്ങള്‍ നൽകിക്കൊണ്ട് പല രാഷ്‌ട്രീയ പാർട്ടികളും ഗ്രാമത്തിൽ എത്തുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമെ വാഗ്‌ദാനങ്ങൾക്ക് ആയുസുള്ളൂ. പതിറ്റാണ്ടുകളായി ഒരു റോഡ് പോലും നിർമിച്ചിട്ടില്ല. മഴക്കാലത്ത് ഗ്രാമത്തിലേക്കുള്ള പാത മരണക്കെണികളാകുന്ന ചെളി കുളങ്ങളായി രൂപാന്തരം പ്രാപിക്കും.
റോഡിന്‍റെ അഭാവം ഗ്രാമത്തെ തീര്‍ത്തും ഒറ്റപ്പെടുത്തിയെന്ന് പ്രദേശവാസിയായ പൂജാദേവി പറഞ്ഞു. ഇത് സാമൂഹിക ഘടനയെ തന്നെ തകര്‍ക്കും. വിവാഹ പ്രായം കഴിഞ്ഞിട്ട് യുവാക്കള്‍ അവിവാഹിതരാണ്. ഒരു ആംബുലന്‍സിന് പോലും ഇങ്ങോട്ട് എത്താനാകില്ല. രോഗികളെ തോളിലോ കട്ടിലിലോ ചുമന്ന് കിലോമീറ്ററുകളോളം കാല്‍നട യാത്ര നടത്തിയാണ് ആശുപത്രികളിലെത്തിക്കുന്നത്. ഇങ്ങനെയുള്ളൊരു ഗ്രാമത്തിലേക്ക് ആരാണ് മക്കളെ വിവാഹം ചെയ്‌ത് അയക്കുകയെന്നും പൂജാദേവി ചോദിച്ചു. ഗ്രാമത്തിൽ ഇനി റോഡുകൾ വരാതെ രാഷ്‌ട്രീയക്കാർ ഇവിടെ പ്രവേശിച്ചാൽ അവരെ ചെരുപ്പുകൾ കൊണ്ട് മാലയിടിയിക്കുമെന്നും ഒഴിവുകഴിവുകൾ കേട്ട് മടുത്തെന്നും അവര്‍ പറഞ്ഞു.
ചെറിയ മഴ പെയ്‌താല്‍ പോലും ഗ്രാമം ചതുപ്പുനിലമായി മാറും. കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഏറെ പ്രയാസമാണ്. തങ്ങളുടെ ദുരിതങ്ങൾ കേൾക്കാൻ ആരും തന്നെ ഇവിടെ എത്താറില്ല. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ ഒരു രാഷ്‌ട്രീയക്കാർക്കും ഈ ഗ്രാമത്തെ ആവശ്യമില്ലെന്നും പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.
അടുത്തിടെ ഗ്രാമവാസികൾത്തന്നെ രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് വെട്ടി വൃത്തിയാക്കിയെടുത്തു. സർക്കാരിൻ്റെ ഒരു സഹായവും റോഡ് നിർമാണത്തിനായി ലഭിച്ചില്ല. ഇപ്പോൾ താത്കാലികമായി നിർമ്മിച്ച റോഡിലൂടെയാണ് ഗ്രാമവാസികള്‍ സഞ്ചരിക്കുന്നത്. ഉടനടി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം ഇപ്പോഴാണ് ഗ്രാമവാസികളുടെ ദുരിത ജീവിതത്തെ കുറിച്ച് താന്‍ അറിഞ്ഞതെന്നും വിഷയത്തില്‍ ആദ്യം അന്വേഷണം നടത്തുമെന്നും തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഛത്ര ഡിസിസി നേതാവ് അമരേന്ദ്ര കുമാര്‍ സിന്‍ഹ പറഞ്ഞു. വിഷയത്തില്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ ജനാര്‍ദന്‍ പാസ്വാന്‍ പറഞ്ഞു.
എന്നാല്‍ ഈ ഉറപ്പില്ലൊന്നും ഇപ്പോള്‍ ഗ്രാമവാസികള്‍ക്ക് വിശ്വാസമില്ല. കാലങ്ങളേറെയായി ഇങ്ങനെ വാഗ്‌ദാനങ്ങള്‍ കേട്ടവരാണ് ഈ ജനത. ഇനിയും അധികൃതര്‍ കണ്‍തുറന്നില്ലെങ്കില്‍ അതൊരു ഗ്രാമത്തിന്‍റെ തന്നെ അന്ത്യത്തിന് കാരണമാകുമെന്നും പ്രദേശവാസികള്‍ പറയുന്നു.
Also Read: അനധികൃത കുടിയേറ്റം; 10 റോഹിംഗ്യകൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്