ഹൈദരാബാദ് : പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ആണ്‍സുഹൃത്തിൻ്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പെൺകുട്ടിയുടെ സഹോദരനും കൊലയിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തെലങ്കാനയിലെ ജീഡിമെറ്റ്‌ല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയും സഹോദരനെയും പൊലീസ് തെരയുകയാണ്.
പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് പത്താം ക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആണ്‍സുഹൃത്തിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. പിന്നാലെ പെണ്‍കുട്ടി വീട് വിട്ടിറങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മകളെ കാണാതായതിന് പിന്നാലെ അമ്മ ജീഡിമെറ്റ്‌ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പെൺകുട്ടിയെ കണ്ടെത്തി അമ്മയുടെ അടുത്തേക്ക് തിരിച്ചയച്ചു. അന്നുമുതൽ അമ്മയും മകളും തമ്മിൽ മകളുടെ പ്രണയത്തെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു.
തിങ്കളാഴ്‌ച രാത്രി കാമുകൻ്റെയും ഇളയ സഹോദരൻ്റെയും സഹായത്തോടെ പെൺകുട്ടി അമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വടികൊണ്ട് തലയ്ക്ക് അടിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കാമുകനും ഇളയ സഹോദരനും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടർന്ന് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്.
"ജൂൺ 19 ന് പെൺകുട്ടി കാമുകനൊപ്പം പോയി. അവളുടെ അമ്മയിൽ നിന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജൂൺ 20 ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. അവളെ അമ്മയുടെ അടുത്തേക്ക് തിരികെ കൊണ്ടുപോയി ഏല്‍പിച്ചു. എന്നിരുന്നാലും, അതിനുശേഷം ഇരുവരും പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നു.
തിങ്കളാഴ്‌ച രാത്രി, കാമുകൻ്റെയും ഇളയ സഹോദരൻ്റെയും സഹായത്തോടെ അവൾ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അവള്‍ ആണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കാമുകനെയും സഹോദരനെയും ഞങ്ങൾ തെരയുകയാണ്," ബലാംഗർ ഡിസിപി സുരേഷ് കുമാർ പറഞ്ഞു.