ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ചേർത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കുന്നതിന് മുമ്പ് സർക്കാർ പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സമ്മതിച്ചുവെന്നായിരുന്നു ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. എന്നാൽ അദ്ദേഹത്തിന്‍റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.
'തുടക്കത്തിൽ തന്നെ ഞങ്ങൾ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു, ഇത് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഘട്ടത്തിലാണ്. എന്നാൽ ഓപ്പറേഷൻ ആരംഭിക്കുന്നതിന് മുമ്പാണ് മുന്നറിയിപ്പ് നൽകിയത് എന്ന് ഇത് വളച്ചൊടിക്കപ്പെടുന്നു. വസ്തുതകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പ്രസ്താവന തള്ളിക്കളയുന്നു' -വിദേശകാര്യ മന്ത്രാലയത്തിന്‍റെ എക്സ്പി ഡിവിഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കുന്നതിന് മുൻപ് പാകിസ്ഥാനെ അറിയിച്ചു എന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. വലിയൊരു കുറ്റകൃത്യമാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'നമ്മൾ നടത്തിയ ആക്രമണത്തിന്‍റെ തുടക്കത്തിൽ പാകിസ്ഥാനെ അതേക്കുറിച്ച് അറിയിക്കുന്നത് ഒരു കുറ്റകൃത്യമാണ്. ഇന്ത്യാ ഗവൺമെന്‍റ് അത് ചെയ്തുവെന്ന് വിദേശകാര്യ മന്ത്രി (EAM) പരസ്യമായി സമ്മതിച്ചു രാഹുൽ ഗാന്ധി പറഞ്ഞു. ആരാണ് അതിന് അനുമതി നൽകിയത്? ഇതിന്‍റെ ഫലമായി നമ്മുടെ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടു?' -അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം രാഹുൽ ഗാന്ധി, 'ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിദേശകാര്യ മന്ത്രി പരാമർശിക്കുന്ന വീഡിയോയും പങ്കുവച്ചു. 'ഓപ്പറേഷൻ ആരംഭിക്കുമ്പോൾ, തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുകയാണെന്ന് പാകിസ്ഥാന് ഒരു സന്ദേശം അയച്ചിരുന്നു. സൈന്യത്തിന് നേരെ ഞങ്ങൾ ആക്രമണം നടത്തുന്നില്ല. അതിനാൽ, സൈന്യത്തിന് വേറിട്ടു നിൽക്കാനും ഇതിൽ ഇടപെടാതിരിക്കാനും സാധിക്കും.' -വീഡിയോയിൽ ജയശങ്കർ പറുന്നുണ്ട്.