കോയമ്പത്തൂർ: ആര്‍ത്തവമുള്ളതിനാല്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. കോയമ്പത്തൂരിലെ സെങ്കുട്ടായി പാളയം എന്ന സ്ഥലത്തെ സ്‌കൂളിലാണ് സംഭവം. ആര്‍ത്തവമായതിനാല്‍ സ്വാമി ചിദ്ഭവാനന്ദ മെട്രിക്കുലേഷൻ സ്‌കൂളിലെ പ്രിൻസിപ്പാള്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാർഷിക പരീക്ഷ എഴുതാൻ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തുകയായിരുന്നു.
പെൺകുട്ടിയുടെ അമ്മ എടുത്ത വീഡിയോ വൈറലായതിനെ തുടർന്ന് സംഭവം വ്യാപകമായ ജനരോഷത്തിന് കാരണമായി. പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിനെ പുറത്താക്കിയത്. 500-ലധികം വിദ്യാർഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് പെണ്‍കുട്ടിക്ക് ദുരവസ്ഥയുണ്ടായത്. അതേസമയം, സ്‌കൂളില്‍ നടന്ന വിവേചനത്തില്‍ അന്വേഷണം നടക്കുകയാണ്. സ്‌കൂളിന്‍റെ ഉടമ, പ്രിൻസിപ്പാള്‍, ക്ലാസ് ടീച്ചർ എന്നിവർക്കെതിരെ എസ്‌സി/എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെൺകുട്ടിക്ക് ആര്‍ത്തവമായതോടെ പരീക്ഷാ ഹാളിനുള്ളിൽ ഇരിക്കുന്നത് വിലക്കിയെന്നും സഹപാഠികൾക്കൊപ്പം ഇരിക്കാന്‍ സമ്മതിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തിങ്കളാഴ്‌ചയും ബുധനാഴ്‌ചയും നടന്ന വാര്‍ഷിക പരീക്ഷ പുറത്തിരുന്നാണ് വിദ്യാര്‍ഥി എഴുതിയത്.
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ദുരനുഭവം അമ്മയോട് പങ്കുവയ്‌ക്കുകയായിരുന്നു. പിറ്റേന്ന് അമ്മ മകളോടൊപ്പം സ്‌കൂളിലേക്ക് പോയി. വിവേചനപരമായ പെരുമാറ്റം തുടരുന്നത് കണ്ട അമ്മ, സംഭവം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ മനുഷ്യാവകാശ സംഘടകള്‍ അടക്കം രംഗത്ത് വന്നു. തുടർന്ന് വിദ്യാർഥിയുടെ മുത്തച്ഛൻ ഡെപ്യൂട്ടി കലക്‌ടർക്ക് ഔദ്യോഗികമായി പരാതി നൽകി.
അതേസമയം, അണുബാധ ഭയന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ തന്നെ പറഞ്ഞിട്ടാണ് പെൺകുട്ടിയെ പ്രത്യേകം ഇരുത്തിയത് എന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. എന്നാലിത് കുടുംബം നിഷേധിച്ചിട്ടുണ്ട്.
സംഭവത്തില്‍ തമിഴ്‌നാട് സ്വകാര്യ സ്‌കൂൾ ഡയറക്‌ടർ പളനിസ്വാമി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കോയമ്പത്തൂർ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫിസറും ജില്ലാ വിദ്യാഭ്യാസ ഓഫിസറും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം. പൊള്ളാച്ചി എഎസ്‌പി സൃഷ്‌ടി സിങ് സ്‌കൂൾ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.