ഷില്ലോങ്: മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് എ റാസിയെ ഉസ്ബെക്കിസ്ഥാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉസ്ബെക്കിസ്ഥാനില്‍ സ്വകാര്യ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. ഐആർടിഎസ് ഉദ്യോഗസ്ഥനായ റാസി, ഏപ്രിൽ 4 മുതൽ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ നഗരത്തിലാണ് താമസിച്ചിരുന്നത്. 2021 മുതൽ മേഘാലയയില്‍ ഡെപ്യൂട്ടേഷനിലായിരുന്നു.
ഹൃദയാഘാതം മൂലമാണ് റാസി മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്‌ച രാവിലെ മുതല്‍ അദ്ദേഹം കോളുകൾക്ക് മറുപടി നൽകുന്നുണ്ടായിരുന്നില്ല. പിന്നീട് ഹോട്ടൽ ജീവനക്കാർ അദ്ദേഹത്തിന്‍റെ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് എന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആവശ്യമായ നടപടിക്രമങ്ങൾ നടക്കുകയാണെന്നും റാസിയുടെ ഭാര്യ ബുഖാറയിലേക്കുള്ള യാത്രയിലാണെന്നും മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ പിടിഐയോട് പറഞ്ഞു. മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. 'സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് എ റാസി ഐആർടിഎസിന്‍റെ അകാല വിയോഗത്തില്‍ അതിയായ വേദനയുണ്ട്. റാസിയുടെ അവിശ്വസനീയമായ കാര്യക്ഷമതയും അചഞ്ചലമായ സമർപ്പണവും അദ്ദേഹം കൈകാര്യം ചെയ്‌ത എല്ലാ വകുപ്പുകളിലും പ്രകടമായിരുന്നു, ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം എല്ലായ്‌പ്പോഴും ഓരോ ജോലിയും ഏറ്റെടുത്തത്.
എന്നാൽ തൊഴിൽ നൈതികതയ്‌ക്കപ്പുറം കണ്ടുമുട്ടുന്ന എല്ലാവരിലേക്കും വെളിച്ചം വീശുന്ന, ഊഷ്‌മളവും ഉന്മേഷദായകവുമായ ഒരു ആത്മാവായിരുന്നു റാസി. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്‍റെ അഭാവം നമുക്കെല്ലാവർക്കും ഒരു അഗാധമായ ശൂന്യത സൃഷ്‌ടിക്കും'- മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.