ഷില്ലോങ്: മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശി രാജ രഘുവംശിയെ മധുവിധു യാത്രയ്ക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുമായി പൊലീസ് ഇന്ന് (ജൂണ്‍11) തെളിവെടുപ്പ് നടത്തും. പ്രതികള്‍ കൃത്യം ചെയ്‌തത് വിശദീകരിക്കുന്നതായിരിക്കും രേഖപ്പെടുത്തുകയെന്ന് 'ഓപ്പറേഷന്‍ ഹണിമൂണ്‍' പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബുധനാഴ്‌ച പറഞ്ഞു. തെളിവെടുപ്പിനായി പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ സംഭവ സ്ഥലത്ത് എത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് രാജ രഘുവംശിയുടെ ഭാര്യ സോനം ഉള്‍പ്പെടെ അഞ്ചുപ്രതികളെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിലാണ് തെളിവെടുപ്പ്. മധ്യപ്രദേശില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും പ്രതികളെ ഉടന്‍ ഷില്ലോങ്ങില്‍ എത്തിക്കും. ഇതിന് ശേഷം അവരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം സോനവുമായാണ് പൊലീസ് അര്‍ദ്ധരാത്രിയോടെ ഷില്ലോങ്ങില്‍ എത്തിയത്. അവരെ കോടതിയില്‍ ഹാജരാക്കുന്ന അന്നത്തെ ദിവസം തന്നെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.
"സോനവുമായി പൊലീസ് ഇന്നലെ (ജൂണ്‍ 10) സംഭവസ്ഥലത്ത് എത്തിയിരുന്നു. അവര്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും അതിന് ശേഷം ഇവിടുത്തെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ എല്ലാവരേയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ആവശ്യപ്പെടും. ഇതു കൂടാതെ സൊഹ്‌റയിലെത്തി കുറ്റകൃത്യം നടന്ന സ്ഥലത്ത് അത് വീണ്ടും പുനഃസൃഷ്ടിക്കും", പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികള്‍ പതിവായി സന്ദര്‍ശിച്ചിരുന്ന ഇന്‍ഡോറിലേയും ഗാസിപൂരിലെയും വീടുകളിലും മറ്റു സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചതായി ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലാ എസ്‌പി വിവേക് സീയം പറഞ്ഞു.
രാജ രഘുവംശിയെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ കേസിൽ സോനത്തെയും സഹായികളെയും കഴിഞ്ഞ മാസം മധ്യപ്രദേശിലെ ഇൻഡോറിലും ഉത്തർപ്രദേശിലെ ഗാസിപൂരിലും അറസ്റ്റ് ചെയ്തിരുന്നു. ഇൻഡോറിൽ നിന്നുള്ള പ്രതികളെ ആറ് ദിവസത്തെയും ഗാസിപൂരിൽ നിന്ന് അറസ്റ്റിലായ ഒരാളെ മൂന്ന് ദിവസത്തെയും കസ്റ്റഡിയിൽ എടുത്തതായി എസ്‌ഐടി അറിയിച്ചു. മെയ് 23 ന് മേഘാലയയിലെ സൊഹ്‌റയിലാണ് ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ രഘുവംശിയേയും ഭാര്യ സോനത്തിനേയും കാണാതാവുന്നത്.
മെയ് 20 നാണ് മധുവിധുവിനായി ദമ്പതികള്‍ മേഘാലയില്‍ എത്തിയത്. സോനത്തിന്‍റെ കാമുകന്‍ രാജ് കുശ്വാഹയുമായി ചേര്‍ന്ന് ഹണിമൂണിനിടെ രാജ രഘുവംശിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. ഇതേ തുടര്‍ന്ന് വാടക കൊലയാളികളെ ഏര്‍പ്പെടുത്തി. സോനം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊലയാളികള്‍ മേഘാലയില്‍ എത്തുകയായിരുന്നു. പിന്നീട് ഷില്ലോങ്ങില്‍ ദമ്പതികള്‍ താമസിക്കുന്ന ഹോട്ടലിന് സമീപം തന്നെ കൊലയാളികളും മുറിയെടുക്കുകയും ചെയ്‌തു. ഫോട്ടോ എടുക്കാനായി പിറ്റേ ദിവസം സോനം ഭര്‍ത്താവിനെ കുന്നിന് മുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊലയാളികളും ഇവരെ പിന്തുടര്‍ന്ന് പിന്നാലെ കുന്നുകയറി. പിന്നീട് കൊലയാളികള്‍ കുന്നു കയറാന്‍ പറ്റില്ലെന്നും ക്ഷീണിതരാണെന്നും സോനത്തിനോടു പറഞ്ഞു. ഇതേ തുടര്‍ന്ന് കൃത്യം നടത്തിയാല്‍ 20 ലക്ഷം രൂപ നല്‍കാമെന്ന് സോനം ഇവരോട് പറഞ്ഞു. ഇതോടെയാണ് രഘുവംശിയെ കൊല്ലാനായി കൊലായാളികള്‍ വീണ്ടും കുന്നുകയറിയത്.
അതേസമയം കുന്നിന് മുകളില്‍ എത്താറായപ്പോള്‍ സോനം ക്ഷീണിതയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. സോനത്തിന്‍റെ നടത്തം പതുക്കെയാക്കി. മുന്നില്‍ നടക്കുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ ഉടന്‍ തന്നെ കൊലാളികള്‍ക്ക് നിര്‍ദേശം കൊടുക്കുകയായിരുന്നു. എന്നാല്‍ രഘുവംശിയെ മലയിടുക്കിലേക്ക് സോനമാണ് തള്ളിയിട്ടെന്നാണ് കണ്ടെത്തല്‍. അതേസമയം സോനത്തിന്‍റെ കാമുകനായ രാജ് മേഘാലയില്‍ പോകാതെ ഇന്‍ഡോറില്‍ തന്നെ ഇരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
മെയ് 23 ന് പൂര്‍വഖാസി ജില്ലയിലെത്തിയ ദമ്പതികളെ കാണാനില്ലെന്ന് വാര്‍ത്ത വന്നിരുന്നു. നീണ്ട അന്വേഷണള്‍ക്കൊടുവിലാണ് സോനത്തിനെതിരെ തെളിവ് പൊലീസിന് ലഭിച്ചത്. കാണാതായ ദിവസം മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്‍കിയ വിവരമാണ് കേസിന് വഴിത്തിരിവായത്. 19നും 23 നും ഇടയില്‍ പ്രായമുള്ളവരാണ് കൊലയാളികള്‍. ഇവരെ വിവിധ ജില്ലകളില്‍ നിന്നുമാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. അതേസമയം രഘുവന്‍ശിയുടെ മൃതദേഹം വെയ്സാവ്ഡോങ് വെള്ളച്ചാട്ടത്തിന് സമീപത്തെ മലയിടുക്കില്‍ നിന്നാണ് കണ്ടെടുത്തത്.