മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മുസ്‌കാന് സെല്ലിൽ പ്രത്യേക പരിചരണം. മുസ്‌കാൻ ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പ്രത്യേക പരിചരണം നൽകി തുടങ്ങിയത്. നിലവിൽ ആറാഴ്‌ച ഗർഭിണിയാണ് മുസ്‌കാൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്കാൻ ഗർഭിണിയാണെന്ന് പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നത്. പിന്നാലെ ഇവരെ ജയിൽ അധികൃതർ അൾട്രാസൗണ്ട് സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയയാക്കി. ഈ പരിശോധനയിൽ മുസ്‌കാൻ ആറ് ആഴ്‌ച ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു.
'ഗർഭിണിയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ തന്നെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നീട് അൾട്രാസൗണ്ട് പരിശോധനയും നടത്തി. യുവതി ആറ് ആഴ്‌ച ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്നാണ് ജയിലിൽ പ്രത്യേക പരിചരണം നൽകാൻ തീരുമാനിച്ചത്.'-സീനിയർ ജയിൽ സൂപ്രണ്ട് വിരേഷ് രാജ് ശർമ്മ പറഞ്ഞു.
അതേസമയം കുഞ്ഞിന്‍റെ പിതൃത്വം ഡിഎൻഎ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് മുസ്‌കാന്‍റെ ഭർത്താവ് സൗരഭ് രജ്‌പുതിന്‍റെ കുടുംബം ആവശ്യപ്പെട്ടു. 'കുട്ടിയുടെ യഥാർഥ പിതാവ് ആരാണെന്ന് അറിയണം. സൗരഭിന്‍റേതാണെങ്കിൽ ഞങ്ങളുടെ കുടുംബം കുട്ടിയെ വളർത്തും. കുട്ടി സാഹിലിന്‍റേത് ആണെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല' -സൗരഭിന്‍റെ സഹോദരൻ രാഹുൽ രജ്‌പുത് പറഞ്ഞു.
ബ്രഹ്മപുരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇന്ദിരാനഗർ പ്രദേശത്ത് മെര്‍ച്ചന്‍റ് നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുസ്‌കാനും ആണ്‍സുഹൃത്ത് സാഹിലും കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. മാര്‍ച്ച് മൂന്നിന് രാത്രിയായിരുന്നു അതിക്രൂരമായ കൊല നടന്നത്. മുസ്‌കാന്‍ സൗരഭിനെ മയക്കുമരുന്ന് കുത്തിവച്ച് ബോധം കെടുത്തിയ ശേഷം സാഹിലിന്‍റെ സഹായത്തോടെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടച്ചു. മാര്‍ച്ച് 18ന് ഇരുവരും പൊലീസ് പിടിയിലായി.