ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വികെ സക്‌സേന നൽകിയ മാനനഷ്‌ട കേസിലെ വിധി ചോദ്യം ചെയ്‌ത് സാമൂഹിക പ്രവർത്തക മേധാ പട്‌കർ ഡൽഹി ഹൈക്കോടതിയില്‍. 2000-ൽ മേധ പട്‌കർ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിനെ ചൊല്ലിയാണ് കേസ്. 2025 ഏപ്രിൽ 8-ന് ആണ് വിചാരണ കോടതി ശിക്ഷ ശരിവെക്കുകയും ശിക്ഷ വിധിക്കുന്നതിനായി നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്‌തത്. ഇത് ചോദ്യം ചെയ്‌താണ് മേധ പട്‌കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മേധ പട്‌കര്‍ തനിക്കെതിരെ അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തി എന്ന സക്‌സേനയുടെ പരാതിയില്‍ 2001ൽ ആണ് കേസെടുക്കുന്നത്. ഗുജറാത്തിലെ സർദാർ സരോവർ പദ്ധതിയെ പിന്തുണയ്ക്കുന്ന സംഘടനയായ നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസിന്‍റെ (എൻസിസിഎൽ) പ്രസിഡന്‍റായിരുന്നു സക്സേന അക്കാലത്ത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നർമ്മദാ ബച്ചാവോ ആന്ദോളന്‍റെ നേതാവായിരുന്ന മേധ പട്‌കർ ഈ പദ്ധതിയെ എതിർക്കുകയും സക്‌സേന തന്‍റെ പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും സാമ്പത്തിക സംഭാവനകൾ നൽകുകയും ചെയ്‌തതായി ആരോപിക്കുകയും ചെയ്‌തു. എന്നാല്‍ ഈ അവകാശവാദം നിഷേധിച്ച സക്‌സേന മേധ പട്‌കറിനെതിരെ പരാതി നല്‍കുകയായിരുന്നു.
കേസില്‍ 2024 ജൂലൈയിൽ ഡൽഹിയിലെ സാകേത് കോടതിയിലെ മജിസ്‌ട്രേറ്റ് കോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 500-ാം വകുപ്പ് പ്രകാരം മാനനഷ്‌ടത്തിന് മേധാ പട്‌കറെ ശിക്ഷിച്ചു. അഞ്ച് മാസം വെറും തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷാവിധിക്കെതിരെ മേധ പട്‌കർ അപ്പീൽ നൽകിയെങ്കിലും 2025 മാർച്ചിൽ വിധി ശരിവച്ചുകൊണ്ട് സാകേത് ജില്ലാ കോടതി മേധാ പട്‌കറുടെ അപ്പീൽ തള്ളി.
വിചാരണയ്ക്കിടെ ഹാജരാക്കിയ തെളിവുകൾ, പത്രക്കുറിപ്പ് അപകീർത്തികരമാണെന്ന് സംശയാതീതമായി തെളിയിക്കുന്നതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഒരു ന്യൂസ് പോർട്ടൽ പത്രക്കുറിപ്പ് ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്‌തപ്പോഴും അതിലെ അപകീർത്തികരമായ സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പത്രക്കുറിപ്പിലെ പ്രസ്‌താവനകൾ വസ്‌തുതാ വിരുദ്ധവും സക്‌സേനയുടെ പ്രശസ്‌തിക്ക് ഹാനി വരുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നും കോടതി പറഞ്ഞു.