ന്യൂഡൽഹി: ഏപ്രിൽ ആദ്യവാരത്തിൽ ഇന്ത്യന്‍ കാലാവസ്ഥാ രീതികളിൽ വലിയ മാറ്റങ്ങള്‍ പ്രകടമായതായി റിപ്പോര്‍ട്ട്. വടക്കൻ, മധ്യ ഇന്ത്യൻ സംസ്ഥാനങ്ങൾ കൊടും ചൂടിൽ വലയുമ്പോൾ തെക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലും മഴയുമാണ് ലഭിക്കുന്നത്. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല നഗരങ്ങളിലും താപനില കുതിച്ചുയരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹിയിൽ തിങ്കളാഴ്‌ച ആദ്യത്തെ ഉഷ്‌ണ തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. എൻസിടി പ്രദേശത്ത് ഏപ്രിൽ 10 വരെ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയാനും ധാരാളം വെള്ളം കുടിക്കാനും ഐഎംഡി നിർദേശിക്കുന്നു. ഈ ആഴ്‌ചയുടെ അവസാനത്തിൽ നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷയെങ്കിലും എൻസിആറിൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ട്.
രാജസ്ഥാനിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ 8 ന് രാജസ്ഥാനില്‍ ഓറഞ്ച് അലർട്ടും രണ്ട് ദിവസത്തിന് ശേഷം യെല്ലോ അലർട്ടുമാണ് ഐഎംഡി പുറപ്പെടുവിച്ചിരിക്കുന്നത്. പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിലും അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഏപ്രിൽ 10 വരെ കടുത്ത ഉഷ്‌ണ തരംഗം അനുഭവപ്പെടാമെന്ന് മുന്നറിയിപ്പുണ്ട്.
പകൽ സമയത്തെ ഉയർന്ന താപനിലയ്‌ക്ക് പുറമേ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്തിലെ സൗരാഷ്‌ട്ര, കച്ച് പ്രദേശങ്ങളില്‍ രാത്രികാല താപനിലയും ഉയര്‍ന്ന നിലയിലായിരിക്കും. കൂടാതെ, ഗുജറാത്ത്, കൊങ്കൺ, ഗോവ എന്നിവിടങ്ങളിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക.
ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നൽ, കൊടുങ്കാറ്റ് എന്നിവയോടൊപ്പം കനത്ത മഴയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളില്‍ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കിഴക്കൻ ബിഹാർ മുതൽ തെലങ്കാന വരെ വ്യാപിക്കുന്ന ഒരു ചുഴലിക്കാറ്റ് രൂപീകരണം ദൃശ്യമാകും.
ഏപ്രിൽ 8 ന് അസം, മേഘാലയ, ബിഹാർ എന്നിവിടങ്ങളിൽ ആലിപ്പഴം വീഴുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 9 ന് ജാർഖണ്ഡിനെയും ഈ മഴ ബാധിക്കാൻ സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളിലൊക്കെയും താപനിലയിൽ നിന്ന് അൽപ്പം ആശ്വാസമുണ്ടാകും. അതേസമയം, ശക്തമായ കാറ്റും മിന്നലും ഉള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു.
മുംബൈയിൽ, ചൊവ്വാഴ്ച രാവിലെ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. താപനില 31°C ഉം ഈർപ്പം 49 ശതമാനവുമാണിവിടെ. പരമാവധി താപനില 35°C ആയിരിക്കുമെന്നും ഈർപ്പം തുടരുമെന്നുമാണ് പ്രവചനം. വരും ദിവസങ്ങളിലും തെളിഞ്ഞ ആകാശവും ഉയര്‍ന്ന താപനിലയുമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (AQI) ചൊവ്വാഴ്ച രാവിലെ 216-ൽ (മോശം വിഭാഗത്തിൽ) തുടർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ പുരോഗതിയാണിത്. ബുധനാഴ്‌ച വരെ വായു ഗുണനിലവാരത്തിൽ ഇടിവുണ്ടാകുമെന്നാണ് പ്രവചനം.
ഉയർന്ന താപനിലയുള്ള മേഖലകളിലെ ആളുകൾ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജലാംശം നിലനിർത്തണമെന്നും ഐഎംഡി അറിയിക്കുന്നു. നേരിയ വസ്‌ത്രം ധരിക്കുക ജലസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നു. കുട്ടികളും പ്രായമായവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.