മുംബൈ: 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ആത്മപരിശോധന നടത്തേണ്ടതിന് പകരം രാഹുൽ ഗാന്ധി ജനവിധി നിരസിക്കുകയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിഹാർ ഉൾപ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്തം ഒഴിയാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിൻ്റേതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.
ജനാധിപത്യത്തെ കബളിപ്പിക്കുന്നതിനുള്ള രൂപരേഖയാണിതെന്നും ബിഹാറിൽ നടന്നത് ഒത്തുകളിയാണെന്നും ഇതിനിടെ രാഹുൽഗാന്ധി എക്‌സിൽ പ്രതികരിച്ചിരുന്നു. വ്യാജ വോട്ടർമാരെ ചേർക്കുക, വോട്ടർമാരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുക, വ്യാജ വോട്ടിങ് സുഗമമാക്കുകയും തെളിവുകൾ മറയ്ക്കുകയും ചെയ്യുക എന്നിവയാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നതെന്നും രാഹുൽഗാന്ധി പോസ്റ്റിൽ ആരോപിച്ചു.
എന്നാൽ ഇക്കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ അപകീർത്തിപ്പെടുത്തുന്നത് തികച്ചും അസംബന്ധമാണെന്നും രാഹുൽ ഗാന്ധി ജനാധിപത്യ പ്രക്രിയയെയും ജനവിധിയെയും നിരന്തരം അപമാനിക്കുകയാണെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടിസ്ഥാനപരമായി മഹായുതിയും (ബിജെപി, ശിവസേന, എൻസിപി സഖ്യം) മഹാ വികാസ് അഘാഡിയും (ശിവസേന (യുബിടി), എൻസിപി (എസ്‌പി) സഖ്യം) തമ്മിലുള്ള മത്സരമായിരുന്നില്ല മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നും കോൺഗ്രസ് എന്താണ് ചെയ്യുന്നതെന്നും ഫഡ്‌നാവിസ് ചോദ്യമുയർത്തി.
"രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കുമെതിരെ പൊതുജനങ്ങൾക്കിടയിൽ കോൺഗ്രസ് തെറ്റിധാരണകൾ സൃഷ്‌ടിക്കുകയും അതുവഴി അവരെ രാഷ്ട്രത്തിനെതിരാക്കുകയും ചെയ്യുകയാണ്. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മിഷനും ഇതിന് കൂട്ടുനിന്നു. 1950 ൽ പുതിയ നിയമം വരുന്നത് വരെ മുൻ കോൺഗ്രസ് സർക്കാരുകൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നേരിട്ടാണ് നിയമിച്ചിരുന്നതെന്നും" ഫഡ്‌നാവിസ് രൂക്ഷവിമർശനമുയർത്തി.
2024 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. "പോളിങ് ശതമാനം പെട്ടെന്ന് വർധിച്ചുവെന്ന വാദം വലിയ തമാശയാണ്. മുൻപും വർധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നത് കൊണ്ട് നിങ്ങൾ വസ്‌തുതകൾ മറച്ചുവയ്ക്കുമോയെന്നും" ഫഡ്‌നാവിസ് ചോദിച്ചു.
മഹാരാഷ്ട്രയിലെ കർഷകരുടെയും സാധാരണക്കാരുടെയും ജനവിധിയെ അപമാനിക്കുന്നത് തുടർന്നാൽ ജനങ്ങൾ കോൺഗ്രസിനോട് ഒരിക്കലും ക്ഷമിക്കില്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
ALSO READ: ഡൽഹിയിലെ ഒൻപത് വയസുകാരിയുടെ മരണം; ബിജെപിയെ വിമർശിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ