ജബൽപൂർ : കേണൽ സോഫിയ ഖുറേഷിക്കെതിരായ 'ഭീകരവാദികളുടെ സഹോദരി' പരാമർശത്തിൽ മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. വൈകിട്ട് ആറ് മണിക്കുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് പൊലീസിന് കോടതി നിർദേശം. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ഒരു പൊതുവേദിയിൽ സംസാരിക്കവെയാണ് കേണൽ സോഫിയ ഖുറേഷിക്കെതിരെ വിജയ് ഷാ പരാമർശം നടത്തിയത്. 'നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ടുതന്നെ മോദിജി പാഠം പഠിപ്പിച്ചു' എന്നായിരുന്നു വിജയ് ഷായുടെ വിവാദ പ്രസ്താവന. വിജയ് ഷായുടെ പ്രസ്‌താവന വിഷലിപ്‌തമാണെന്നും അദ്ദേഹത്തെ ഉടൻ മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്തുവന്നിരുന്നു. രാഷ്ട്രീയമായി ഏറെ ചർച്ചകൾ വിജയ് ഷായുടെ പ്രസ്താവനക്ക് പിന്നാലെ ചൂടുപിടിച്ചു.
കോൺഗ്രസും വിജയ് ഷായ്ക്കെതിരെ രംഗത്ത് വരികയുണ്ടായി. 'ഉന്നത സൈനിക ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള മന്ത്രി വിജയ് ഷായുടെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, സൈന്യത്തിനും സ്ത്രീകൾക്കും അപമാനം കൂടിയാണ്. അദ്ദേഹം ഉടൻ രാജിവയ്ക്കണം.' -മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗർ പറഞ്ഞു.
'സോഫിയ എന്‍റെ സഹോദരിയാണ്, പക്ഷേ അതിനെക്കാൾ, അവൾ മുഴുവൻ രാജ്യത്തിന്‍റെയും മകളാണ്. മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മനസിലാക്കണം' -സോഫിയ ഖുറേഷിയുടെ സഹോദരൻ ബണ്ടി സുലൈമാൻ പ്രതികരിച്ചു.
അതേസമയം, വിജയ് ഷായുടെ പ്രസ്താവന വിവാദമായതോടെ ബിജെപി നടപടിക്കൊരുങ്ങിയിരുന്നു. മന്ത്രിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടിസ് നൽകുകയും വിശദീകരണം ലഭിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെ വിശദീകരണവുമായി വിജയ് ഷാ രംഗത്ത് വരികയുണ്ടായി.
തന്‍റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും താൻ പറഞ്ഞ അതേ അർഥത്തിൽ തന്‍റെ വാക്കുകളെ കാണണമെന്നുമായിരുന്നു വിജയ് ഷായുടെ പ്രതികരണം. രാജ്യം മുഴുവൻ കേണൽ സോഫിയ ഖുറേഷിയെന്ന വനിത ഉദ്യോഗസ്ഥയെ കുറിച്ച് അഭിമാന പൂർവം സംസാരിക്കുന്ന സാഹചര്യത്തിലാണ് വിജയ് ഷായുടെ വിവാദ പരാമർശം എന്നത് ശ്രദ്ധേയമാണ്.
Also Read: സൈനിക ഭരണത്തലവന്മാർക്ക് തിരക്കിന്‍റെ ദിനം; നയതന്ത്രതലത്തിലും നിർണായക നീക്കങ്ങള്‍