ഉത്തരാഖണ്ഡ്: സാധാരണയായി വന്യമൃഗങ്ങൾ ഇരയെ ഒളിച്ചു നിന്ന് ആക്രമിക്കുകയും മനുഷ്യരുമായുള്ള അനാവശ്യ സംഘർഷം ഒഴിവാക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ ഉത്തരകാശിയിലെ ബഡ്കോട്ട് ഡിവിഷനിൽ പ്രത്യേക സ്വഭാവമുള്ള ഒരു പുള്ളിപ്പുലിയുണ്ട്. ഇവിടെ പുള്ളിപ്പുലിയുടെ ആക്രമണം വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്നു.
പുള്ളിപ്പുലിയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവുമായി ഇതിന് എന്ത് ബന്ധമുണ്ടെന്ന് ഇടിവി ഭാരതിൻ്റെ ഈ റിപ്പോർട്ടിൽ നിന്ന് അറിയാം. ഉത്തരകാശിയിലെ ബാഡ്കോട്ട് ഡിവിഷനിലെ ഒരു പുള്ളിപ്പുലി വനം വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പുള്ളിപ്പുലിയുടെ സ്വഭാവത്തിൽ വന്ന മാറ്റമാണ് അതിന് കാരണം. ഈ പുള്ളിപ്പുലി പ്രദേശത്ത് ആകെ ഭീതി സൃഷ്‌ടിക്കുകയാണ്. എന്തിനാണ് ഇത്രയധികം ആക്രമണം കാണിക്കുന്നതെന്ന് അറിയാനും വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരുചക്ര വാഹന യാത്രികരുടെ ശത്രു: ഉത്തരകാശിയിലെ ബാർകോട്ടിലെ ഇടതൂർന്ന വനങ്ങളില്‍ നിറയെ പുള്ളിപ്പുലികളാണ്. ഇരുചക്ര വാഹന യാത്രികരുടെ ശത്രുവായി മാറിയ ഒരു പുള്ളിപ്പുലി ഇവിടെയുണ്ട്. ദേശീയ പാതയോ സംസ്ഥാന പാതയോ ആകട്ടെ, ഈ പുള്ളിപ്പുലി ഇരുചക്ര വാഹന യാത്രക്കാരനെ കണ്ടാൽ അയാളുടെ നേരെ ചാടിവീഴും. ബാർകോട്ട് ഡിവിഷനിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ നാല് തവണയാണ് ഇരുചക്ര വാഹന യാത്രികര്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്.
ഈ ആക്രമണങ്ങളെല്ലാം ഒരേ പുള്ളിപ്പുലി തന്നെ ചെയ്‌തുവെന്നാണ് ഞെട്ടിക്കുന്ന കാര്യം. പുള്ളിപ്പുലിയുടെ ഈ പ്രവർത്തനങ്ങൾ വനം വകുപ്പിലും അത്ഭുതമുണ്ടാക്കി. ഒളിച്ചിരുന്ന് ആക്രമിക്കുകയും സാധാരണയായി മനുഷ്യരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുന്ന പുള്ളിപ്പുലി എന്തുകൊണ്ടാണ് ഇത്ര ആക്രമണകാരിയാകുന്നതെന്ന് വനം വകുപ്പിന് മനസിലാകുന്നില്ല.
ഇരുചക്ര വാഹന ഡ്രൈവർമാരുടെ പിന്നാലെ പാഞ്ഞ് അവരെ ആക്രമിക്കാൻ ശ്രമിക്കുന്നത് അസാധാരണമായ ഒരു സംഭവമാണ്. അതേ പ്രദേശത്ത് ഒരു പുള്ളിപ്പുലി കുട്ടികളുമായി പാര്‍ക്കുന്നതായി പലരും കണ്ടിട്ടുണ്ട്. ഇത് അതേ പുള്ളിപ്പുലിയാണെങ്കിൽ ചിലപ്പോള്‍ കുട്ടികളെ സംരക്ഷിക്കാൻ ഇത് ഇത്തരം ആക്രമണങ്ങൾ നടത്തുന്നുണ്ടാകാമെന്ന് കരുതുന്നത്.
വിദഗ്‌ധര്‍ എന്താണ് പറയുന്നത്:
പുള്ളിപ്പുലി ഓടുന്ന വാഹനങ്ങളിൽ മനുഷ്യരെ ആക്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്ന് പിസിസിഎഫ് വൈൽഡ് ലൈഫ് രഞ്ജൻ കുമാർ മിശ്ര പറഞ്ഞു. വന്യജീവികളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പുള്ളിപ്പുലിയുടെ ഇത്തരം അസാധാരണ പെരുമാറ്റം തുടരുന്നത് എന്തുകൊണ്ടാണെന്ന് പറയാൻ പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തെ ക്യാമറകളില്‍ നിന്ന്:
ഇരുചക്രവാഹന യാത്രക്കാർക്കെതിരെ പതിവായി ആക്രമണം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഏകദേശം 8 മുതൽ 10 വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ പുള്ളിപ്പുലിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നാല് ടീമുകളെ ഈ പ്രദേശത്ത് പട്രോളിങ്ങിനായി നിയോഗിച്ചിട്ടുണ്ട്. പിസിസിഎഫ് ഈ പ്രദേശത്ത് പുള്ളിപുലിയെ പിടിക്കുന്നതിനായി കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ:
സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ 24 വർഷത്തിനിടെ ഉത്തരാഖണ്ഡിൽ പുള്ളിപ്പുലി ആക്രമണങ്ങളിൽ 534ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇതിനേക്കാൾ പലമടങ്ങ് കൂടുതലാണ്. കഴിഞ്ഞ 24 വർഷത്തിനിടെ സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങളിൽ 2052 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
2025ല്‍ ആദ്യത്തെ മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ പുള്ളിപ്പുലികൾ 18ലധികം പേരെ ആക്രമിച്ച പരിക്കേൽപ്പിച്ചിട്ടുണ്ട്. 2024 ലെ കണക്കുകൾ പരിശോധിച്ചാൽ, ഒരു വർഷത്തിനുള്ളിൽ പുള്ളിപ്പുലി ആക്രമണത്തിൽ 14 പേർ മരിക്കുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വനമേഖലയ്‌ക്ക് സമീപത്തേക്കുള്ള ജനങ്ങളുടെ കുടിയേറ്റമായിരിക്കാം ഇവ കാടിറങ്ങാന്‍ കാരണമെന്ന് വെറ്ററിനറി ഡോക്‌ടര്‍ രാകേഷ് നൗട്ടിയാൽ പറയുന്നു. മാത്രമല്ല വനത്തിനുള്ളില്‍ വേണ്ടത്ര വെള്ളവും ഭക്ഷണവും ലഭിക്കാത്തതും കാരണമായേക്കാം. നാട്ടിലെ കന്നുകാലികളെ ഇരയാക്കാനായിരിക്കാം ചിലപ്പോള്‍ പുള്ളിപ്പുലികള്‍ ജനവാസ മേഖലയിലേക്കെത്തുന്നത്.
വനം വകുപ്പിൻ്റെ പട്രോളിങ് വർധിപ്പിച്ചതിനുശേഷം കഴിഞ്ഞ ഒരു ആഴ്‌ചയായി ഈ പ്രദേശത്ത് പുള്ളിപ്പുലികളുടെ സാന്നിധ്യം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആക്രമണകാരിയായ പുള്ളിപ്പുലിയെ കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read:കാട്ടിലെ രാജാവ് മുതൽ ആന വരെ; ഇപ്പോള്‍ പുലിക്കുട്ടികളെയും, ദത്തെടുത്ത് രാം ചരണിന്‍റെ ഭാര്യ