അമരാവതി: ആന്ധ്രാപ്രദേശിലെ പെനുകൊണ്ടയിൽ കിയ കാറിന്‍റെ 900 ഓളം കാർ എഞ്ചിനുകൾ കാണാതായതായി റിപ്പോർട്ട്. കിയ മാനേജ്‌മെന്‍റ് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. 2020 മുതല്‍ മോഷണം നടക്കുന്നുണ്ട് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കിയ മാനേജ്‌മെന്‍റ് രഹസ്യമായി ആഭ്യന്തര അന്വേഷണം നടത്താനാണ് ശ്രമിച്ചത്. മാർച്ച് 19 ന് മാനേജ്‌മെന്‍റ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പരാതി നൽകിയാൽ മാത്രമേ അന്വേഷിക്കാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കിയ പ്രതിനിധികൾ ഔദ്യോഗികമായി പരാതി നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസ് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവികൾ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഞ്ചിൻ മോഷണം ആരംഭിച്ചിട്ട് ഏകദേശം അഞ്ച് വർഷമായി എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്ന് പെനുകൊണ്ട സബ് ഡിവിഷണൽ പൊലീസ് ഓഫിസർ വൈ വെങ്കടേശ്വർലുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു.
'എഞ്ചിൻ മോഷണങ്ങൾ 2020 ൽ ആരംഭിച്ചു എന്നാണ് വ്യക്തമാകുന്നത്. ഏകദേശം അഞ്ച് വർഷമായി ഇത് തുടരുന്നു. പൊലീസ് സമഗ്രമായ അന്വേഷണം നടത്തുകയാണ്.'- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
900 എഞ്ചിനുകൾ മോഷ്‌ടിക്കപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. നിർമ്മാണ പ്ലാന്‍റിലേക്കുള്ള വഴിയിലും പ്ലാന്‍റിന് അകത്ത് നിന്നും എഞ്ചിനുകൾ മോഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. പ്ലാന്‍റിനകത്ത് തന്നെയുള്ളവര്‍ നടത്തിയ കവര്‍ച്ചയാകാം ഇതെന്നാണ് പൊലീസിന്‍റെ നിഗമനം. കിയ പ്ലാന്‍റില്‍ മുമ്പ് ജോലി ചെയ്‌തിരുന്ന ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയുമടക്കം പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ശേഖരിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം വിഷയത്തില്‍ കിയ മാനേജ്‌മെന്‍റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.