ETV Bharat / bharat

ഐആർസിടിസി കുംഭകോണം; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി, മൂവരും കുറ്റക്കാരെന്ന് കോടതി

റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകളുടെ ടെൻഡറിൽ അഴിമതി നടത്തിയതിനെതിരെയാണ് കേസ്. ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്രിദേവി, മകൻ തേജസ്വി യാദവ് എന്നിവരുൾപ്പെടെ 14 പേർക്ക് എതിരെ കോടതി കുറ്റം ചുമത്തി.

ROUSE AVENUE COURT DELHI  IRCTC SCAMS  BIHAR ASSEMBLY ELECTION 2025  RJD
File photo of Rabri Devi, Lalu Prasad Yadav and Tejashwi Yadav at a RJD state council meeting in Patna (PTI)
author img

By ETV Bharat Kerala Team

Published : October 13, 2025 at 1:37 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: രാജ്യം ഉറ്റു നോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞടുപ്പ് അടുക്കുന്നതിനിടെ രാഷ്‌ട്രീയ ജനതാദൾ(ആർജെഡി) പാർട്ടിക്ക് കനത്ത തിരിച്ചടി. ഐആർസിടിസി ഹോട്ടൽ അഴിമതി കേസിൽ മുൻ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവ്, ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രിദേവി, മകനും മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് എന്നിവരുൾപ്പെടെ 14 പേർക്ക് എതിരെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി.

കോടതിയിലെ പ്രത്യേക സിബിഐ ജഡ്‌ജി വിശാൽ ഗോഗാനെയാണ് കുറ്റം ചുമത്തിയത്. റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകളുടെ ടെൻഡറിൽ അഴിമതി നടത്തിയതിനെതിരെയാണ് കേസ്. ഇതൊരു അഴിമതി കേസാണെന്നും പ്രതിയുടെ വാദങ്ങളോട് വിയോജിപ്പ് ഉണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ മൂവരും നിഷേധിച്ചു. സിബിഐ സമഗ്രമായ തെളിവുകൾ ഹാജരാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. ലാലു പ്രസാദ് യാദവിൻ്റെ അറിവോടെയാണ് അഴിമതി ആസൂത്രണം ചെയ്‌തതെന്ന് കോടതി പ്രസ്‌താവിച്ചു. ആരോപിതർ വലിയ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ലാലുവിൻ്റെ കുടുംബത്തിന് അഴിമതിയിൽ ഗുണമുണ്ടായതായും കോടതി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 120 ബി വകുപ്പുകൾ പ്രകാരം റാബ്രി ദേവിയ്ക്കും തേജസ്വി യാദവിനുമെതിരെ വഞ്ചന, ഗൂഢാലോചന എന്നിവ ചുമത്തി കേസ് എടുത്തു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(2), 13(1)(ഡി) എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

എന്താണ്‌ ഐആർസിടിസി അഴിമതി?

ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ്റെ (ഐആർസിടിസി) രണ്ടു ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു പാട്ടത്തിന് കൈമാറിയതു സംബന്ധിച്ചായിരുന്നു കേസ്. സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന് ഹോട്ടലുകൾ നൽകിയതിന് പ്രത്യുപകാരമായി ലാലു പ്രസാദ് യാദവിനും കുടുംബത്തിനും സ്ഥലം ലഭിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

കേസിൽ ഔദ്യോഗിക സ്ഥാനം ലാലു പ്രസാദ് യാദവ് ദുരുപയോഗം ചെയ്‌തതായി അന്വേഷണ ഏജൻസി അവകാശപ്പെടുന്നു. എന്നാൽ, രാഷ്ട്രീയ പകപോക്കലിൻ്റെ ഫലമാണ് ഈ കേസ് എന്നാണ് ലാലുവും കുടുംബവും വാദിക്കുന്നത്. കേസ് രാഷ്‌ട്രീയപ്രേരിതമെന്ന് ലാലു പ്രസാദ്, റാബ്രി ദേവി, തേജസ്വി യാദവ് എന്നിവർ വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെ പ്രതിച്‌ഛായ തകർക്കാനും മഹാസഖ്യത്തെ ദുർബലപ്പെടുത്താനും കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

2025 സെപ്റ്റംബർ 24 ന് മൂവരും കോടതിയിൽ ഹാജരാകാൻ പ്രത്യേക ജഡ്‌ജി വിശാൽ ഗോഗാനെ നിർദേശിച്ചിരുന്നു. 2025 മെയ്‌ 29 ന് കേസിൽ വിധി പറയാൻ കോടതി തീരുമാനിച്ചിരുന്നു. പിന്നീട്, സാങ്കേതിക കാരണങ്ങളാൽ വിധി പറയുന്ന തീയതി മാറ്റിവച്ചിരുന്നു. മുൻ കേന്ദ്ര മന്ത്രി പ്രംചന്ദ് ഗുപ്‌ത, ഭാര്യ സരളാ ഗുപ്‌ത, ഐആർസിടിസി മുൻ മാനേജിങ് ഡയറക്‌ടർ പി കെ ഗോയൽ, മുൻ ഡയറക്‌ടർ രാകേഷ്‌ സക്‌സേന തുടങ്ങിയവരും കേസിൽ പ്രതികളാണെന്ന് കോടതി പറഞ്ഞിരുന്നു.

ALSO READ: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി, ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും