ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് എന്തിനാണ് ? അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ തലയെയും തലച്ചോറിനെയും സംരക്ഷിക്കുക എന്നതാണ് ഹെല്‍മെറ്റിന്‍റെ ധര്‍മ്മം. എന്നാല്‍ അതുക്കും മേലെയുള്ള ഹെല്‍മെറ്റ് നിര്‍മിച്ചിരിക്കുകയാണ് കൊല്‍ക്കത്തയിലെ ഒരു എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍. ഈ ഹെല്‍മറ്റ് പക്ഷേ റൈഡര്‍മാര്‍ക്കും ബൈക്ക് സ്റ്റണ്ടിങ്ങ് നടത്തുന്നവര്‍ക്കുമൊക്കെ പാരയാവും, കാരണം ഇതാണ്.
ബൈക്കില്‍ സാഹസം കാണിച്ചും അല്ലാതെയും അപകടങ്ങള്‍ വരുത്തിവച്ചാല്‍ നിമിഷങ്ങള്‍ക്കകം വിവരം വീട്ടുകാരറിയും. ഇത് റൈഡര്‍മാരുടെ കാര്യമാണെങ്കില്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് ഇതൊരനുഗ്രവുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തരം അപകടങ്ങള്‍ വീട്ടില്‍ ഉള്ളവരെ ഉടൻ അറിയിക്കാൻ സാധിക്കുമോ എന്ന അന്വേഷണമാണ് ടീം കോഡ് നെക്‌സസ് സ്‌മാര്‍ട്ട് ഹെല്‍മെറ്റ് എന്ന ആശയത്തിലേക്ക് എത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ വെറും 30 സെക്കന്‍റിനുള്ളില്‍ അപകട വിവരം വീട്ടില്‍ അറിയും.

ആരാണ് ടീം കോഡ് നെക്‌സസ്?
കൊല്‍ക്കത്ത എഞ്ചീനിയറിങ്ങ് കോളജിലെ ആറ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ് ആണ് കോഡ് നെക്‌സസ്. കൗഷിക് നസ്ക്കര്‍ ദീപ്ത്ത റോയ്, ശുഭമോയ് സാമന്ത, ഗോപാല്‍ ദത്ത, കനിഷ്‌ക കുമാര്‍ ഷാ, സുഷോവൻ ദാസ് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ ആണ് 1200 രൂപ ചെലവ് വരുന്ന സ്‌മാര്‍ട്ട് ഹെല്‍മെറ്റ് കണ്ടുപിടിച്ചത്.
സ്‌മാര്‍ട്ട് ഹെല്‍മെറ്റ്- പ്രവര്‍ത്തനം ഇങ്ങനെ?
അപകടങ്ങള്‍ കണ്ടെത്തുന്ന ഹെല്‍മെറ്റ് എന്നതാണ് ഇതിന്‍റെ ഏറ്റവും പ്രധാന സവിശേഷത . ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് സ്‌മാര്‍ട്ട് ഹെല്‍മറ്റ് പ്രവര്‍ത്തിക്കുന്നത്. ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ ആപ്പില്‍ ബ്ലഡ് ഗ്രൂപ്പ്, പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്‌റ്റര്‍ ചെയ്യണം. ബൈക്കില്‍ പോകുന്ന വ്യക്തി വീണാലോ മറ്റ് അപകടം സംഭവിച്ചാലോ ഹെല്‍മറ്റിലുള്ള അപ്പ് വഴി ഉടനടി സന്ദേശം മറ്റൊരാള്‍ക്ക് കൈമാറും.
ജിപിഎസ്, ജൈറോസ്‌ക്കോപ്പ് തുടങ്ങിയ രണ്ട് ഉപകരണങ്ങള്‍ ആണ് ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. ജൈറോസ്‌ക്കോപ്പാണ് അപകടങ്ങള്‍ തിരിച്ചറിയുന്നത്. അപകടം നടക്കുമ്പോള്‍ ഹെല്‍മെറ്റ് കുലുങ്ങുകയോ, തട്ടുകയോ ചെയ്‌താല്‍ മാക്‌സിഫോഴ്‌സ് കൂടുകയും ജൈറോസ്‌ക്കോപ്പ് ആക്‌റ്റിവ് ആകുകയും ചെയ്യുന്നു. നിമിഷ നേരം കൊണ്ട് തന്നെ വിവരം വീട്ടില്‍ ഉള്ള വരെ അറിയിക്കുകയും ചെയ്യുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ സര്‍ക്ക്യൂട്ട് ആക്‌റ്റിവ് ആയി ഹെല്‍മെറ്റ് ഓൺ ആവുന്നു. ഹെല്‍മെറ്റ് ധരിക്കാതിരുന്നാല്‍ ഓഫ് ആവുകയും ചെയ്യും.
കൈയില്‍ നിന്ന് വീണാലും പേടിക്കണ്ട! പരിഹാരമുണ്ട്
ഹെല്‍മെറ്റ് തട്ടുകയോ മറ്റോ ചെയ്‌താല്‍ മുൻ സൂചന നല്‍കും എന്ന് നമുക്ക് അറിയാം... എന്നാല്‍ അറിയാതെ കൈയില്‍ നിന്ന് വീണാലോ? അതിനും വഴി ടീം കോഡ് നെക്‌സസ് കണ്ടുപിടിച്ചിട്ടുണ്ട്. ഹെല്‍മറ്റില്‍ എസ്ഒഎസ് (sos) ബട്ടൺ ഉണ്ട്. 30 സെക്കന്‍റിനുള്ളില്‍ ആ ബട്ടണ്‍ ഞെക്കിയാല്‍ മെസേജ് മറ്റൊരാള്‍ക്ക് പോകില്ല.

ചെലവിങ്ങനെ
നിലവില്‍ അഞ്ച് പേരെ ആണ് ആപ്പ് വഴി കണക്റ്റ് ചെയ്യാൻ സാധിക്കുക. അതായത് ആപ്പില്‍ രജിസ്റ്റര്‍ ചെയ്‌തയാള്‍ അപകടത്തില്‍പ്പെട്ടാല്‍ പരമാവധി അഞ്ച് പേര്‍ക്ക് വരെ സന്ദേശം ലഭിക്കും. ഫണ്ട് കൂടുതല്‍ ലഭിച്ചാല്‍ ആപ്പില്‍ കൂടുതല്‍പ്പേരെ രജിസ്‌റ്റര്‍ ചെയ്യാനാകുമെന്ന് കൊല്‍ക്കത്ത എഞ്ചീനിയറിങ്ങ് കോളജിലെ വിദ്യാര്‍ഥി സുഷോവൻ ദാസ് പറഞ്ഞു. സര്‍ക്ക്യൂട്ട് നിര്‍മിക്കാൻ മാത്രം 1,200 രൂപയാണ് ചെലവ് വരിക.
വിദ്യാര്‍ഥികളുടെ ഈ കണ്ടെത്തലില്‍ പേറ്റന്‍റിനായി കൊല്‍ക്കത്ത എഞ്ചിനീയറിങ്ങ് കോളജ് അപേക്ഷ നല്‍കിക്കഴിഞ്ഞു. സര്‍ക്കാരോ മറ്റ് സ്ഥാപനങ്ങളോ സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നാല്‍ ഇത്തരം കൂടുതല്‍ ഹെല്‍മെറ്റുകള്‍ നിര്‍മിച്ച് വിപണിയിലിറക്കാനും കൂടുതല്‍പ്പേരുടെ ജീവൻ രക്ഷിക്കാനും കഴിയും എന്ന് സുഷോവന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
Also Read:പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് ഇന്ധനോത്പ്പാദനം: പുതിയ കണ്ടെത്തലുമായി വാരണസി ഐഐടി