ശ്രീനഗര്‍: കശ്‌മീരിലെ വെള്ളം പഞ്ചാബിലേക്ക് തിരിച്ചുവിടുന്നത് അനുവദിക്കാനാവില്ലെന്ന് കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. സിന്ധു നദീജല കരാറിലൂടെ മൂന്ന് നദികൾ പഞ്ചാബിന് നൽകിയിരുന്നു. എന്നാൽ കശ്‌മീരിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ജലം നൽകാൻ പഞ്ചാബ് തയ്യാറായിട്ടില്ലെന്നും ഒമർ അബ്‌ദുള്ള കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷാപൂർ കണ്ടി ബാരേജ് പദ്ധതിയിലൂടെ പോരാടിയതിന് ശേഷമാണ് പിന്നീട് ജലം ലഭിക്കുന്നത്. അതിനാൽ ജമ്മു കശ്‌മീരിലെ വെള്ളം പഞ്ചാബിലേക്ക് തിരിച്ചുവിടാൻ അനുവദിക്കില്ലെന്നും ഒമർ പറഞ്ഞു. റബ്‌ത ഓഫിസ് തുറന്ന ശേഷം കൺവെൻഷൻ സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ജമ്മുവിൽ ജലക്ഷാമമുണ്ടെന്നും വെള്ളം ആവശ്യമുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഖ്‌നൂറിൽ നിന്ന് ജമ്മുവിലേക്കും തുൾബുൾ നാവിഗേഷൻ ബാരേജിലേക്കും വെള്ളം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
സംവരണം സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച് നിയമപരമായ പരിശോധനയ്ക്കായി നിയമവകുപ്പിന് അയച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഒരു കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിഷയത്തിൽ മെഹബൂബ മുഫ്‌തിയെയും ഒമർ അബ്‌ദുള്ള വിമർശിച്ചു.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അനന്ത്നാഗ് സീറ്റിൽ നിന്ന് മെഹബൂബ മുഫ്‌തി മത്സരിച്ചപ്പോൾ സംവരണ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കരുതെന്ന് പാർട്ടി നേതാക്കളോട് നിർദേശിച്ചിരുന്നു. ജനങ്ങളുടെ വോട്ട് ആഗ്രഹിച്ചാണ് ഇവർ ഇത് പറഞ്ഞതെന്നും ഒമർ കുറ്റപ്പെടുത്തി.
നൂറ് കണക്കിന് ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും ഇസ്രയേലിൽ കുടുങ്ങികിടക്കുകയാണ്. ചുരുങ്ങിയത് 1300 മുതൽ 1400 വരെ വിദ്യാർഥികൾ അവിടെ കുടുങ്ങിക്കിടക്കുന്നു. ചിലരെ അടുത്തിടെ തിരികെ കൊണ്ടുവന്നു. ബാക്കിയുള്ളവരെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും ഒമർ അറിയിച്ചു. കൂടാതെ ജമ്മു കശ്‌മീരിന് സംസ്ഥാന പദവി നൽകുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രി ഉടൻ പാലിക്കുമെന്നും ഒമർ പ്രതീക്ഷ പ്രകടിപ്പിച്ചു.