മാണ്ഡ്യ (കർണാടക): സംസ്ഥാനത്തെ പ്രതിപക്ഷത്തെ "അവസരവാദികളുടെ കൂട്ടം" എന്ന് വിശേഷിപ്പിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ബിജെപിയുടേയും, ജെഡിഎസിന്‍റെയും നേതാക്കൾ വിവിധ അവസരങ്ങളിൽ പരസ്‌പരം ആക്ഷേപിക്കുന്നതിന്‍റെ പഴയ വീഡിയോ ക്ലിപ്പുകളും അദ്ദേഹം കാണിച്ചു. സർക്കാരിനെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷത്തിന്‍റെ തന്ത്രങ്ങൾ പ്രവർത്തിക്കില്ലെന്നും അടുത്ത പത്ത് വർഷത്തേക്ക് തന്‍റെ സംഘടന തന്നെ സംസ്ഥാനത്ത് അധികാരത്തിലിരിക്കുമെന്നും ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസ്ഥാന കോൺഗ്രസ് മേധാവികൂടിയായ ശിവകുമാർ പറഞ്ഞു.
വേദിയിലെ സ്‌ക്രീനിലാണ് ബിജെപി, ജെഡി (എസ്) നേതാക്കൾ വിവിധ വിഷയങ്ങളിൽ പരസ്‌പരം ആക്ഷേപിക്കുന്നതിന്‍റെ പഴയ ദൃശ്യങ്ങൾ അദ്ദേഹം കാണിച്ചത്. കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ജെഡിഎസും തമ്മിൽ ത്രികോണ പോരാട്ടമാണ് നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻഡിഎയിൽ ചേർന്ന ജെഡി(എസ്) അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്നാണ് സംസ്ഥാനത്ത് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൈസൂർ അർബൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ സ്ഥലം അനുവദിച്ച അഴിമതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് ഒരാഴ്‌ചയായി നടത്തുന്ന കാൽനട ജാഥയെ പ്രതിരോധിക്കാൻ ഭരണകക്ഷിയായ കോൺഗ്രസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുയോഗങ്ങൾ നടത്തുന്നുണ്ട്.
പ്രതിപക്ഷത്തെ 'അവസരവാദികളുടെ കൂട്ടം' എന്ന് വിളിച്ച ശിവകുമാർ, പഴയ ശത്രുക്കൾ സുഹൃത്തുക്കളായത് സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഉദ്ദേശത്തോടെ മാത്രമാണെന്നും വ്യക്തമാക്കി. പിന്നാക്ക സമുദായത്തിൽ നിന്നുള്ള ഒരാൾ ഈ പദവി വഹിക്കുന്നത് അവർക്ക് സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും കനകപുരയിലെ കാവേരി നദിയിലെ മേക്കേദാട്ടു ബാലൻസിങ് റിസർവോയറിനുമായി ഞങ്ങൾ (കോൺഗ്രസ് പ്രതിപക്ഷത്തിരുന്നപ്പോൾ) മാർച്ച് നടത്തിയിരുന്നു. ഞങ്ങൾ 'ഭാരത് ജോഡോ യാത്ര'യും നടത്തി. ബിജെപി ഞങ്ങൾ ചെയ്യുന്നത് പോലെ ചെയ്യാൻ ശ്രമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ ജാഥ അവരുടെ തന്നെ പാപങ്ങളും വലിയ അഴിമതിയും കഴുകിക്കളയാനുള്ള പ്രായശ്ചിത്ത യാത്രയാണെന്നും അദ്ദേഹം പരിഹസിച്ചു. മേക്കേദാട്ട് പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തെ നിരവധി കർഷകർക്ക് നേട്ടമുണ്ടാകുമായിരുന്നു. എന്നാൽ ബിജെപിയും ജെഡിഎസും അത് അനുവദിക്കുന്നില്ല. പകരം ജനശ്രദ്ധ തിരിച്ചുവിടുകയാണ് അവർ ചെയ്യുന്നതെന്നും ശിവകുമാർ ആരോപിച്ചു.