ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡൻ്റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ പ്രസിഡൻ്റും സംസ്ഥാന മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ, ഡെപ്യൂട്ടി നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. ഡിഎംകെ സഖ്യകക്ഷികളായ വിസികെ നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈകോ, തമിഴ്നാട് കോൺഗ്രസ് പ്രസിഡൻ്റ് സെൽവപെരുണ്ടഗൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ തമിഴ്നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) മക്കൾ നീതി മയ്യവും (എംഎൻഎം) തമ്മിലുള്ള തെരഞ്ഞെടുപ്പ് കരാറിൻ്റെ ഭാഗമായാണ് എംഎൻഎമ്മിന് രാജ്യസഭ സീറ്റ് അനുവദിച്ചത്. ഇതിനെ തുടർന്ന് കമൽ ഹാസനെ സ്ഥാനാർഥിയായി നേരത്തെ നിശ്ചയിച്ചു. 158 എംഎൽഎമാരുള്ള ഡിഎംകെ നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്ക് നാല് സീറ്റുകൾ എളുപ്പത്തിൽ നേടാൻ സാധ്യതയുണ്ട്.
ഈ വർഷം ജൂൺ 19ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാർഥികളെ ഡിഎംകെ പ്രഖ്യാപിച്ചു. സൽമ, അഡ്വക്കേറ്റ് പി വിൽസൺ, എസ് ആർ ശിവലിംഗം എന്നിവരാണ് അവരുടെ സ്ഥാനാർഥികൾ. 2018ൽ കമൽ ഹാസൻ മധുരയിൽ മക്കൾ നീതി മയ്യം ഉദ്ഘാടനം ചെയ്തിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചില്ല. പകരം ഡിഎംകെ നയിക്കുന്ന ഇന്ത്യ ബ്ലോക്കിനായി അവർ പ്രചാരണം നടത്തി. ഇതിന് പകരമായി ഒരു രാജ്യസഭ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്യുകയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 2.62 ശതമാനം വോട്ടുകൾ നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കമൽ ഹാസൻ്റെ ഏറ്റവും പുതിയ ചിത്രമായ 'തഗ് ലൈഫ്' ഇന്നലെ പുറത്തിറങ്ങി. ഏറെക്കാലമായി കാത്തിരുന്ന ഈ റിലീസ് ആരാധകർ വലിയ ആഘോഷമാക്കി മാറ്റി. 38 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും ഇതിഹാസ സംവിധായകനായ മണിരത്നവും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിരയുണ്ട്.