ന്യൂഡൽഹി : തുർക്കിയിലെ ഇനോനു സർകലാശാലയുമായുള്ള ധാരണാ പത്രം താത്കാലികമായി നിർത്തിവച്ചതായി ജവഹർലാൽ നെഹ്റു സർവകലാശാല. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിനിടെ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചതിന് തുർക്കിക്കും അസർബൈജാനും എതിരെ ജനവികാരം ഉയരുന്ന സാഹചര്യത്തിലാണ് ജെഎൻയു തീരുമാനം. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാ പത്രം താത്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് ജെഎൻയു അധികൃതർ അറിയിച്ചത്.
'ദേശീയ സുരക്ഷാ കാരണങ്ങൾ കൊണ്ട്, ജെഎൻയുവും ഇനോനു സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചിരിക്കുന്നു. ജെഎൻയു രാഷ്ട്രത്തോടൊപ്പം നിൽക്കുന്നു' -ജെഎൻയുവിന്‍റെ എക്സ് ഹാൻഡിലിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെയാണ്.
Due to National Security considerations, the MoU between JNU and Inonu University, Türkiye stands suspended until further notice.
— Jawaharlal Nehru University (JNU) (@JNU_official_50) May 14, 2025
JNU stands with the Nation. #NationFirst @rashtrapatibhvn @VPIndia @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @EduMinOfIndia
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തർപ്രദേശിൽ നിന്ന് തുർക്കിയിലേക്കും അസർബൈജാനിയിലേക്കും ഉള്ള 15,000-ത്തിലധികം ബുക്കിങ്ങുകൾ റദ്ദാക്കിയതായി ട്രാവൽ ഇൻഡസ്ട്രി വൃത്തങ്ങൾ പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് നിരവധി ട്രാവൽ ഏജൻസികളും എയർലൈനുകളും സഞ്ചാരികൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് സംഘർഷം രൂക്ഷമായിരുന്നു. പ്രതിരോധ മന്ത്രാലത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് മെയ് 8 ന് രാത്രി ലേയ്ക്കും സർ ക്രീക്കിനും ഇടയിലുള്ള 36 സ്ഥലങ്ങളിലേക്ക് പാകിസ്ഥാൻ ഡ്രോൺ അയച്ചിരുന്നു. ഇതിൽ തുർക്കി നിർമിത ഡ്രോണുകൾ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൈനറ്റിക്, നോൺ-കൈനറ്റിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ സായുധ സേന ഈ ഡ്രോണുകളിൽ പലതും തകർത്തത്.
തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇവ തുർക്കി നിർമിത ഡ്രോണുകളാണെന്ന് കണ്ടെത്തിയത്. ഇതിൽ 'അസിസ്ഗാർഡ് സോംഗർ' മോഡലും 'യിഹ' അല്ലെങ്കിൽ 'യെഹാവ്' എന്ന് പേരുള്ള തുർക്കി നിർമിത യുഎവികളും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Also Read: പാകിസ്ഥാൻ ജീവനക്കാരുമായി 'എംടി സൈറൺ II' പാരദീപ് തുറമുഖത്ത് എത്തി; സുരക്ഷ ശക്തമാക്കി അധികൃതർ