ശ്രീനഗർ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപണം. രണ്ട് സർക്കാർ ജീവനക്കാരെ കൂടി പിരിച്ചുവിടാൻ ഉത്തരവിട്ട് ജമ്മു കശ്‌മീർ ഭരണകൂടം. ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്‍റേതാണ് ഉത്തരവ്. ഇതോടെ 2021 മുതലുള്ള അത്തരം പിരിച്ചുവിടലുകളുടെ എണ്ണം 82 ആയി.
ജമ്മു കശ്‌മീർ പൊലീസിലെ അസിസ്‌റ്റന്‍റ് വയർലെസ് ഓപ്പറേറ്ററായ ബഷാരത്ത് അഹമ്മദ് മിർ, പൊതുമരാമത്ത് (ആർ & ബി) വകുപ്പിലെ സീനിയർ അസിസ്‌റ്റന്‍റ് ഇഷ്‌തിയാഖ് അഹമ്മദ് മാലിക് എന്നിവരെയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 311 (2) (സി) പ്രകാരം പിരിച്ചുവിട്ടത്. ഒരു വ്യക്തി സർവീസിൽ തുടരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണക്കാക്കിയാൽ ഔപചാരിക അന്വേഷണം കൂടാതെ പിരിച്ചുവിടാൻ ആർട്ടിക്കിൾ 311 (2) (സി) അനുവദിക്കുന്നു.
ശ്രീനഗറിലെ അപ്പർ ബ്രെയിനിൽ താമസിക്കുന്ന അഹമ്മദ് മിർ പാകിസ്ഥാൻ ഇന്‍റലിജൻസ് പ്രവർത്തകരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിരുന്നു. ശേഷം അദ്ദേഹത്തെ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഭരണകൂടം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
സുരക്ഷാ സംവിധാനങ്ങളെയും വിന്യാസങ്ങളെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഏജൻസികളുമായി പങ്കുവയ്‌ക്കുന്നതിൽ അദ്ദേഹം പങ്കാളിയായിരുന്നു. സെൻസിറ്റീവ് പ്രദേശത്ത് നിയമിതനായ പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ, അഹമ്മദ് മിറിന്‍റെ പ്രവൃത്തി ദേശീയ പരമാധികാരത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് സൃഷ്‌ടിച്ചിരിക്കുന്നത് ഭരണകൂടം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനന്ത്‌നാഗ് ജില്ലയിലെ ഷിത്രൂ ലാർനൂ നിവാസിയായ ഇഷ്‌തിയാഖ് അഹമ്മദ് മാലിക്, നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ജമ്മു ആൻഡ് കശ്‌മീരിന്‍റെ (ജെഐഐ-ജെകെ) സജീവ അംഗവും നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്‍റെ തീവ്രവാദ കൂട്ടാളിയുമാണെന്ന് തിരിച്ചറിഞ്ഞു. ഒരു പ്രധാന ജെഐഐ പ്രവർത്തകനെന്ന നിലയിൽ, ഗ്രൂപ്പിന്‍റെ സാന്നിധ്യം ശക്തിപ്പെടുത്താൻ അദ്ദേഹം സഹായിച്ചിരുന്നു.
തീവ്രവാദി നിരയിലേക്ക് അനുഭാവികളെ റിക്രൂട്ട് ചെയ്യുന്നതിനും മാലിക് സൗകര്യമൊരുക്കി. തീവ്രവാദികൾക്ക് ഭക്ഷണം, പാർപ്പിടം, രഹസ്യാന്വേഷണം എന്നിവയുൾപ്പെടെയുള്ള ലോജിസ്‌റ്റിക്കൽ പിന്തുണ നൽകി. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെ, പ്രത്യേകിച്ച് ദക്ഷിണ കശ്‌മീരിൽ, ഒന്നിലധികം ആക്രമണങ്ങൾ സാധ്യമാക്കിയതുമായി അദ്ദേഹത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്.
ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അവരുടെ ആഴത്തിലുള്ള പങ്കാളിത്തം തെളിയിക്കുന്ന തരത്തിൽ, സംസ്ഥാന താത്‌പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിന് ഇരുവരും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. സർക്കാർ സർവീസിലെ ദേശവിരുദ്ധ ഘടകങ്ങളോട് കേന്ദ്രഭരണ പ്രദേശത്തിന്‍റെ സീറോ ടോളറൻസ് നയം ആവർത്തിച്ച് ഒരു സർക്കാർ വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു.
സമാനമായ കുറ്റങ്ങൾ ചുമത്തി സർവീസിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. 1985 ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ, മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മാർച്ചിൽ ജലശക്തി വകുപ്പിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നേരത്തെ ഫെബ്രുവരിയിൽ, ആയുധങ്ങൾ ക്രമീകരിക്കുന്നതിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും തീവ്രവാദ ശൃംഖലകളെ സഹായിച്ചുവെന്നാരോപിച്ച് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒരു പൊലീസ് കോൺസ്‌റ്റബിൾ, ഒരു സ്‌കൂൾ അധ്യാപകൻ, ഒരു വനം വകുപ്പ് ഓർഡർലി എന്നിവരെയാണ് അന്ന് പിരിച്ചുവിട്ടത്.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ സംശയിക്കുന്ന സർക്കാർ ജീവനക്കാരെ പരിശോധിക്കുന്നതിനായി 2021ൽ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സ്ഥാപിതമായതിനുശേഷം, ആകെ 82 ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും തുടർന്ന് 2019 ഓഗസ്‌റ്റ് 5ന് ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനും ശേഷമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.
Also Read: 'കശ്‌മീരിന്‍റെ വികസനത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധം': അമിത് ഷാ