ശ്രീനഗർ: വിവാഹ വാഗ്‌ദാനം നൽകി സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകാൻ വിസമ്മതിച്ച് ജമ്മു കശ്‌മീർ ലഡാക്ക് ഹൈക്കോടതി. ബലാത്സംഗ കേസിൽ പ്രതിയായ ഷാക്കിർ-ഉൽ-ഹസൻ്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതിക്ക് ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കുന്നതിന് വഴിയൊരുക്കും എന്ന് ജസ്റ്റിസ് സഞ്ജയ് ധർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിക്കെതിരായ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതി നിരവധി തവണ യുവതിക്ക് വിവാഹ വാഗ്‌ദാനം നൽകിയിട്ടുണ്ട് എന്നത് വ്യക്തമായതായി കോടതി പറഞ്ഞു. തെളിവുകളായി സ്വീകരിച്ച വാട്‌സ്ആപ്പ് ചാറ്റുകളും സ്‌ക്രീൻഷോട്ടുകളും വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളൽ എന്ന് കോടതി വ്യക്തമാക്കി.
പ്രതിയും യുവതിയും തമ്മിലുള്ള ബന്ധം പരസ്‌പര സമ്മതത്തോടെയുള്ളതാണെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. ഹസൻ വിവാഹത്തിൽനിന്ന് പിൻതിരിഞ്ഞപ്പോൾ യുവതി 17 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഇതിനുശേഷമാണ് സ്ത്രീ ബലാത്സംഗ പരാതി നൽകിയതെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.
പ്രതി യുവതിക്ക് നിരന്തരം നൽകിയിരുന്ന വിവാഹ വാഗ്‌ദാനങ്ങൾ ലൈംഗിക അവകാശങ്ങൾ നേടിയെടുക്കുവാൻ വേണ്ടി മാത്രമായിരുന്നു എന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു. കൂടാതെ പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും വഴിത്തിരിവായി.
പ്രതിയെ വിട്ടയച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഈ ഘട്ടത്തിൽ ഷാക്കിർ-ഉൽ-ഹസന് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി എടുത്തുപറഞ്ഞു.
അനന്ത്‌നാഗ് നിവാസിയായ ഷാക്കിർ-ഉൽ-ഹസന് 2021 മുതൽ പരാതിക്കാരിയുമായി ബന്ധമുള്ളതായാണ് പറയുന്നത്. ഹസന് വിദ്യാഭ്യാസ ആവശ്യത്തിനായി 10 ലക്ഷം രൂപ യുവതി കടം കൊടുത്തതോടെ ഇവർ കൂടുതൽ അടുപ്പത്തിലായി. അനന്ത്‌നാഗിലും ഡൽഹിയിലും വച്ച് പലതവണ പ്രതി തന്നെ ഭാര്യയായി ചിത്രീകരിച്ചുവെന്നും യുവതി പറഞ്ഞു. എന്നാൽ വിവാഹ വാഗ്‌ദാനം നൽകിയ ഹസൻ 2023-ൽ ബന്ധം പെട്ടെന്ന് അവസാനിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
പിന്നീട് 2025 മാർച്ചിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനെന്ന വ്യാജേന ഹസൻ തൻ്റെ വസതിയിൽ വെച്ച് ബലാത്സംഗം ചെയ്‌തുവെന്ന് ആരോപിച്ച് ഈ വർഷം ആദ്യം യുവതി പരാതി നൽകി. പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വേണ്ടി മാത്രം വിവാഹവാഗ്‌ദാനം എന്നതായിരുന്നു പ്രതിക്ക് നേരെയുള്ള പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരും തമ്മിൽ കൈമാറിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഈ സന്ദേശങ്ങളിൽ പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി മാത്രമാണ് വിവാഹ വാഗ്‌ദാനം നൽകിയതെന്ന് വ്യക്തമായതായും കോടതി വിലയിരുത്തി.