ന്യൂഡൽഹി: പാകിസ്ഥാന് ഏഷ്യൻ വികസന ബാങ്ക് നൽകുന്ന പിന്തുണയെ ശക്തമായി എതിർത്ത് ഇന്ത്യ. സൈനിക ചെലവുകൾക്കായി വികസന ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സാമ്പത്തിക പരിഷ്‌കാരങ്ങളോടുള്ള പാകിസ്ഥാൻ്റെ പ്രതിബദ്ധതയെ ഇന്ത്യ ചോദ്യം ചെയ്തു.
പാകിസ്ഥാനുള്ള ധനസഹായ പദ്ധതികൾ എഡിബി വിലയിരുത്തുന്നതിനിടെയാണ് ഇന്ത്യ എതിർപ്പ് ശക്തമാക്കിയത്. ഇന്ത്യയുടെ ആശങ്കകളോട് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സമയത്ത് അധിക വികസന ധനസഹായം നേടാനുള്ള പാകിസ്ഥാൻ്റെ ശ്രമങ്ങളെ എതിർപ്പുകൾ സങ്കീർണമാക്കിയേക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാൻ്റെ സാമ്പത്തിക പ്രകടനം മോശമാകുന്നതായും നികുതി പിരിവ് കുറയുന്നതായും എടുത്തുകാട്ടിയാണ് ഇന്ത്യയുടെ എതിർപ്പ്. അതോടൊപ്പം അന്താരാഷ്ട്ര വികസന ഫണ്ടുകൾ പ്രതിരോധ ചെലവുകളിലേക്ക് വഴിതിരിച്ചുവിടുന്നതായി സംശയിക്കുന്നതായും ഇന്ത്യ എഡിബിയോട് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പാകിസ്ഥാൻ്റെ ആശങ്കാജനകമായ സാമ്പത്തിക പ്രവണതകളെ തെറ്റായ മുൻഗണനകളുടെ തെളിവായി ഇന്ത്യ ഉയർത്തിക്കാട്ടി.
ജിഡിപിയുടെ വിഹിതമായി പാകിസ്ഥാൻ്റെ നികുതി പിരിവ് 2018 സാമ്പത്തിക വർഷത്തിൽ 13.0% ൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ വെറും 9.2% ആയി കുറഞ്ഞു. ഇത് ഏഷ്യ-പസഫിക് ശരാശരിയായ 19.0% നേക്കാൾ വളരെ താഴെയാണ്. വരുമാനത്തിൽ ഇടിവ് ഉണ്ടായിട്ടും പാകിസ്ഥാൻ ഇതേ കാലയളവിൽ പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിച്ചു എന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ആയതിനാൽ ഇത്തരം ദുരുപയോഗം തടയാൻ എഡിബി മാനേജ്‌മെൻ്റിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
കൂടാതെ പാകിസ്ഥാൻ 24-ാമത് ബെയിൽഔട്ട് പദ്ധതിക്കായി അന്താരാഷ്ട്ര നാണയ നിധിയെ സമീപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ എഡിബി, ഐഎംഎഫ് പദ്ധതികളുടെ ഫലപ്രാപ്‌തിയെയും ഇന്ത്യ ചോദ്യം ചെയ്‌തു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) നിർണായകമായ പ്രവർത്തന ഇനങ്ങളിൽ, പ്രത്യേകിച്ച് തീവ്രവാദ ധനസഹായ അന്വേഷണങ്ങൾ, യുഎൻ നിയുക്ത തീവ്രവാദ ഗ്രൂപ്പ് നേതാക്കൾക്കെതിരെ പ്രോസിക്യൂഷൻ, ക്രിമിനൽ ആസ്‌തികൾ മരവിപ്പിക്കൽ എന്നിവയിൽ പാകിസ്ഥാൻ്റെ തൃപ്‌തികരമല്ലാത്ത പുരോഗതിയെ ഇന്ത്യ വിമർശിച്ചു. വികസന ഫലപ്രാപ്‌തിക്കപ്പുറം പാകിസ്ഥാൻ്റെ വായ്‌പാ യോഗ്യത എഡിബിയുടെ സ്വന്തം സാമ്പത്തിക ആരോഗ്യത്തിന് അപകടസാധ്യതകൾ സൃഷ്‌ടിക്കുന്നുണ്ടെന്ന് ഇന്ത്യ ആശങ്ക ഉന്നയിച്ചു.