ലഖ്‌നൗ: കല്ല്യാണ ദിവസത്തെ ഡിജെ ഡാൻസിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ജഗദീഷ്‌പൂർ ഗ്രാമത്തിലാണ് സംഭവം. ത്രിലോക്‌പൂർ സ്വദേശിയായ രാകേഷ് കുമാർ ആണ് മരിച്ചത്. വരൻ്റെ പിതാവിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വധുവിൻ്റെ വീട്ടിലെ വിവാഹ സൽക്കാരത്തിനിടെയുണ്ടായ ഡിജെ ഡാൻസിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വരൻ ആള്‍ക്കൂട്ട മർദനത്തിനിരയായത്. തോക്കും വടികളും ഉപയോഗിച്ചാണ് വരനെ സംഘം ആക്രമിച്ചതെന്ന് പിതാവിൻ്റെ പരാതിയിൽ പറയുന്നു.
അനധികൃതമായി തോക്ക് കൈവശം വച്ചയാളെ പൊലീസ് പിടികൂടി. മറ്റുള്ള പ്രതികൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എട്ട് പേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
വധുവിൻ്റെ ഗ്രാമത്തിലേക്ക് വിവാഹ ഘോഷയാത്രയുമായി എത്തിയതായിരുന്നു വരനും കൂട്ടരും. വരനെയും സംഘത്തെയും വധുവിൻ്റെ വീട്ടുകാർ സ്വീകരിച്ചു. അതിഥികളും ബന്ധുക്കളും ഡിജെ ഡാൻസിൽ പങ്കെടുക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവാഹത്തിൻ്റെ ഭാഗമായ ജയമാല ചടങ്ങ് പുരോഗമിക്കുന്നതിനിടെ ആഘോഷം അതിര് വിടുകയായിരുന്നു. പ്രദേശവാസികളായ ചില യുവാക്കളും വരൻ്റെ പിതാവും ഇത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. പ്രകോപിതരായ യുവാക്കാള്‍ ആദ്യം വരൻ്റെ പിതാവിനെ മർദിച്ചു.
പിതാവിനെ മർദനത്തിൽ നിന്ന് രക്ഷിക്കാനെത്തിയ വരനെയും യുവാക്കള്‍ സംഘം ചേർന്ന് ആക്രമിച്ചു. തോക്കിൻ്റെ പിൻഭാഗം കൊണ്ട് തലയ്‌ക്കേറ്റ മർദനമാണ് മരണകാരണമെന്ന് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.