ചെന്നൈ (തമിഴ്നാട്): നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും നിരത്തുകിളിൽ മാർഗതടസം സൃഷ്ടിച്ച് സ്വൈര്യവിഹാരം നടത്തുന്ന കാലികളെ പൂട്ടാൻ നടപടിയുമായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി). റോഡിൽ വിലസുന്ന കാലികളുടെ ഉടമസ്ഥർക്കാകും പക്ഷേ പണികിട്ടുക. കന്നുകാലികളെ പിടികൂടി ഉടമസ്ഥർക്ക് പിഴചുമത്താനാണ് കോർപ്പറേഷൻ തീരുമാനം.
റോഡുകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിൽ ശ്വാശതമായ പരിഹാരം കാണണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കന്നുകാലി ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ കോർപറേഷൻ ആരംഭിച്ചു.
ഇങ്ങനെ നിർമിക്കുന്ന ഷെൽട്ടറുകളിൽ പ്രധാനമാണ് മൂലക്കൊത്തളം ബേസിൻ ബ്രിഡ്ജ് റോഡിന് സമീപമുള്ള കന്നുകാലി ഷെഡ്. ഏകദേശം 200 കന്നുകാലികളെ ഉൾപ്പെടെ ഉൾക്കൊള്ളാൻ സൗകര്യമുള്ളതാണ് ഈ ഷെഡ്. കന്നുകാലികളെ പരിചരിക്കാൻ ബുദ്ധിമുട്ടുള്ള ഉടമകൾക്കും ഇവിടെ കന്നുകാലികളെ ഏൽപിക്കാനുള്ള സൗകര്യമുണ്ട്. പരിപാലനത്തിനായി ഒരു പശുവിന് പ്രതിദിനം 10 രൂപയാണ് ഫീസ്.
ഇതിന് പുറമെ ചില സന്നദ്ധ സംഘടനകൾ മൃഗങ്ങളെ പരിപാലിക്കുന്നതിൽ കോർപ്പറേഷനെ സഹായിക്കും. കന്നുകാലിക്ക് ഭക്ഷണം നൽകാൻ ഉടമകൾക്ക് പ്രത്യേക ഇടങ്ങളും അനുവദിച്ചിട്ടുണ്ട്. കന്നുകാലികളെ തീറ്റുന്നതിനും ചാണകം വൃത്തിയാക്കുന്നതിനും കുളിപ്പിക്കുന്നതിനുമുള്ള ആധുനിക സൗകര്യങ്ങളും ഷെൽട്ടറുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
കന്നുകാലികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്, ഷെൽട്ടറിൽ പ്രത്യേകം സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മൃഗഡോക്ടർമാർക്കും മരുന്ന് സംഭരണത്തിനുമുള്ള പ്രത്യേക മുറികൾ, വലിയ പശുക്കൾ, കന്നുകുട്ടികൾ, ഗർഭിണിയായ പശുക്കൾ എന്നിവയ്ക്കായി പ്രത്യേക സ്ഥലങ്ങൾ എന്നിവയുമുണ്ട്. ഷെൽട്ടറിനുള്ളിൽ കന്നുകാലികൾക്ക് നടക്കാനുള്ള വിശാലമായ സ്ഥലവും ഒരുക്കിയിട്ടുണ്ട്.
കന്നുകാലികളെ വളർത്താൻ ആഗ്രഹിക്കുകയും, എന്നാൽ വീട്ടിൽ സ്ഥലപരിമിതിയുമുളളവർക്ക് ഷെൽട്ടറുകളിൽ മുൻഗണനയുണ്ട്. ഈ മാസം അവസാനത്തോടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 600 കന്നുകാലികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഷെൽട്ടർ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Also Read: പട്ടികജാതി വർഗ്ഗീകരണം ഇന്നുമുതൽ, അംബേദ്കർ ജയന്തി ചരിത്ര സംഭവമാക്കി തെലങ്കാന