ബിലാസ്‌പൂര്‍: തങ്ങളുടെ നാടിനെ മദ്യ-മയക്കുമരുന്ന്-കുറ്റകൃത്യ മുക്തമാക്കണമെന്ന പ്രതിജ്ഞയുമായി രംഗത്ത് ഇറങ്ങിയത് ഒരു പറ്റം സ്‌ത്രീകളാണ്. അവരുടെ വിജയഗാഥയാണ് ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ജുഹ്‌ലി എന്ന ആദിവാസി ഭൂരിപക്ഷമുള്ള ഗ്രാമത്തിന് പറയാനുള്ളത്. സിയാപത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്. കയ്യിലേന്തിയ വടിയും വിസിലുമായാണ് ഈ സ്‌ത്രീകള്‍ തങ്ങളുടെ ഗ്രാമത്തെ മദ്യ-മയക്ക് മരുന്ന്-കുറ്റകൃത്യ മുക്തമാക്കാന്‍ ഇറങ്ങിത്തിരിച്ചത്. മുന്നൂറ് സ്‌ത്രീകള്‍ ഇതിനായി ഒത്തുചേര്‍ന്ന് രംഗത്തിറങ്ങിയപ്പോള്‍ ഇവിടെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനിതാ കമാന്‍ഡോകള്‍ എന്ന ഒരു സംഘം അവര്‍ ഒരു പതിറ്റാണ്ടിനിപ്പുറം രൂപീകരിച്ചിരിക്കുന്നു. മയക്കുമരുന്നിനടിമകളായവരുടെയും മദ്യപാനികളുടെയും അക്രമികളുടെയും ഒക്കെ പേടി സ്വപ്‌നമാണ് ഇന്നവര്‍. സമൂഹ്യവിരുദ്ധരെ കണ്ടെത്താനായി ഇവര്‍ പകലും രാത്രിയും അക്ഷീണം പ്രവര്‍ത്തിക്കുന്നു.
വനിതാ കമാന്‍ഡോകളുടെ സംഘത്തെ രൂപീകരിച്ചതിലൂടെ തങ്ങളുടെ ഗ്രാമമായ ജുഹ്‌ലിയെ മാതൃകാഗ്രാമമായി മാറ്റിയെടുത്തിരിക്കുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. നാടന്‍ മദ്യമാ മഹുവയുടെ ഉപഭോഗം അതിന്‍റെ ഉത്തുംഗതയിലെത്തിയ ഒരു കാലമുണ്ടായിരുന്നു തങ്ങളുടെ നാടിനെന്ന് ഇവര്‍ പറയുന്നു. യുവാക്കളെല്ലാം മയക്കുമരുന്നിന് അടിമകളാകുകയും ചെയ്യുന്ന കാലം. മയക്കുമരുന്ന് ഉപഭോഗമായിരുന്നു ഈ ഗ്രാമം നേരിട്ടിരുന്ന ഏറ്റവും വലിയ വിപത്തെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ നാട്ടിലെങ്ങും മോഷണവും വ്യാപകമായിരുന്നു. ഇതിന് പുറമെയാണ് മദ്യം ഉണ്ടാക്കുന്ന രോഗങ്ങളും നാടിനെയാകെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയത്.
ആദ്യമൊക്കെ മുതിര്‍ന്നവരായിരുന്നു മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതെങ്കില്‍ ക്രമേണ കുട്ടികളും ഇതിലേക്ക് വഴുതി വീഴാന്‍ തുടങ്ങി. ഇത് തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തി. ഇതിനെതിരെ എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍ ഭാവി തലമുറയെ ഇത് കാര്യമായി ബാധിക്കുമെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് പൊലീസിന്‍റെയും ശക്തമായി പിന്തുണ കിട്ടി. ഇന്നിപ്പോള്‍ തങ്ങള്‍ വിജയകരമായി ഗ്രാമത്തില്‍ നിന്ന് മദ്യത്തെ തുടച്ച് നീക്കിയിരിക്കുന്നുവെന്ന് വിഷ്‌ണുദേവി സരസ്വതി എന്ന വനിതാ കമാന്‍ഡോ പറയുന്നു.
മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും മറ്റും സ്വാധീനഫലമായി സ്‌ത്രീകള്‍ക്ക് കടുത്ത ഗാര്‍ഹിക പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. തങ്ങളുടെ സ്ഥിതി കൂടുതല്‍ കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു. അപ്പോഴാണ് തങ്ങളില്‍ ഈ സാമൂഹ്യവിപത്തുകള്‍ക്കെതിരെ പുറത്തിറങ്ങി ഒന്നിച്ച് പോരാടാനുള്ള ആശയം ഉടലെടുത്തത്.
മയക്കുമരുന്നുപഭോഗം മൂലം ഗ്രാമത്തില്‍ പല ആക്രമണങ്ങളും നടന്നിരുന്നു. അങ്ങനെയാണ് ഗ്രാമത്തെ മയക്കുമരുന്ന് മുക്തമാക്കണമെന്ന ആശയവും ഞങ്ങളില്‍ ഉദിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും ഗ്രാമത്തില്‍ സമ്പൂര്‍ണ നിരോധനം കൊണ്ടു വന്നു. എവിടെയെങ്കിലും അനധികൃത മദ്യം വില്‍ക്കലോ കുടിക്കലോ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം നല്‍കണമെന്ന് തങ്ങള്‍ നിര്‍ദ്ദേശിച്ചു. ഇത്തരം പരാതികള്‍ കിട്ടിയാല്‍ തങ്ങള്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു.
2020ലാണ് വനിതാ കമാന്‍ഡോ സംഘം രൂപീകരിച്ചത്. ഗ്രാമത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തങ്ങള്‍ തങ്ങളുടെ ആയുധമായ വടിയുമായി ഓടിയെത്താന്‍ തുടങ്ങി. പൊലീസിന്‍റെ കൂടി സഹായത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തുടങ്ങി. തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി പൊലീസ് ഞങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നും വനിതാ കമാന്‍ഡോയായ നീര ഗന്ധര്‍വ പറയുന്നു.
എല്ലാ ഞായറാഴ്‌ചയും തങ്ങള്‍ യോഗം ചേരാറുണ്ട്. അവിടെ വച്ച് ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഗ്രാമത്തിലെ സ്‌ത്രീകളുടെ പങ്കാളിത്തം വന്‍തോതില്‍ യോഗത്തിലുണ്ടാകാറുണ്ട്. ഇതിന് പുറമെ ഗ്രാമത്തലവനും പ്രായമുള്ള ആളുകളും പങ്കെടുക്കും. ഇത്തരം യോഗങ്ങളില്‍ ഗ്രാമത്തെ കൂടുതല്‍ സമൃദ്ധവും സമാധാനവും സാക്ഷരവും ആക്കാനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും ഉയര്‍ന്ന് വരും.
കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ഒരൊറ്റ പരാതി പോലും പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടില്ല. എല്ലാ പ്രശ്‌നങ്ങളും നാട്ടില്‍ തന്നെ പറഞ്ഞ് തീര്‍ക്കുന്നു.
മയക്കുമരുന്നുപയോഗം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് അവന്‍റെ കുടുംബത്തെയും സമൂഹത്തെയാകെത്തന്നെയുമാണെന്ന് സിപാത് പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഗോപാല്‍ സത്‌പതി ചൂണ്ടിക്കാട്ടുന്നു. താന്‍ ഈ പൊലീസ് സ്റ്റേഷന്‍റെ ചുമതലയേല്‍ക്കുമ്പോള്‍ ജുഹ്‌ലി ഗ്രാമത്തില്‍ നിന്നുള്ള ഒരൊറ്റ പരാതി പോലും ഇവിടെ ഉണ്ടായിരുന്നില്ല. ഇത് തന്നെ അത്ഭുതപ്പെടുത്തി. ഇത് എന്ത് കൊണ്ടാണെന്ന് അന്വേഷിച്ച് താന്‍ അവിടെയെത്തിയപ്പോഴാണ് അവിടുത്തെ വനിതാ കമാന്‍ഡോ സംഘത്തെക്കുറിച്ച് അറിയുന്നത്. അവര്‍ നാടിന്‍റെയാകെ ക്രമസമാധാനച്ചുമതല ഏറ്റെടുത്തിരിക്കുന്നു. ഇവര്‍ നാടിന് ശരിയായ ദിശാബോധം നല്‍കുക മാത്രമല്ല മറിച്ച് സ്വന്തം നാടിന്‍റെ സുരക്ഷ ഉറപ്പാക്കുക കൂടി ചെയ്യുന്നുവെന്നും സത്‌പതി ചൂണ്ടിക്കാട്ടുന്നു.
എസ്‌എസ്‌പി രജനീഷ് സിങും അഡീഷണല്‍ എസ്‌പി അര്‍ച്ചന ഝായും ഈ സ്‌ത്രീകളുടെ ഉള്‍ക്കരുത്തിന് അംഗീകാരം കൂടി നല്‍കി ഇവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിരിക്കുന്നു.
ജുഹ്‌ലി ഗ്രാമത്തിലെ സ്‌ത്രീകള്‍ക്ക് ചേതന പ്രഹരി എന്ന പദവിയാണ് നല്‍കിയിരിക്കുന്നത് എന്ന് എസ്‌എസ്‌പി രജനീഷ് വ്യക്തമാക്കി. ചേതന അഭിയാന്‍റെ കീഴിലാണ് ഇത്. ഈ സ്‌ത്രീകള്‍ അവരുടെ ഗ്രാമത്തിന് മാത്രമല്ല അഭിമാനമായിരിക്കുന്നത് മറിച്ച് ജില്ലയ്ക്കാകെയും സംസ്ഥാനത്തിന് മൊത്തത്തിലും അഭിമാനമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഹ്‌ലി ഗ്രാമത്തിന്‍റെ പേര് ഇപ്പോള്‍ രാജ്യമെമ്പാടും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.
ഒരു കാലത്ത് കുറ്റകൃത്യങ്ങളുടെ പിടിയിലമര്‍ന്നിരുന്ന ഒരു ഗ്രാമം ഇന്ന് സമാധാനത്തിന്‍റെയും അഭിവൃദ്ധിയുടെയും പ്രതീകമായി ജ്വലിച്ച് നില്‍ക്കുന്നു.