മുംബൈ : നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ അച്ഛൻ മകളെ മർദിച്ചു കൊലപ്പെടുത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സാധന ഭോസാലെയാണ് മരണപ്പെട്ടത്. അറ്റ്പാഡി താലൂക്കിലെ നെയിൽകരഞ്ചിയിലാണ് സംഭവം. അന്വേഷണവുമായി ബന്ധപ്പെട്ട് പിതാവായ ധോണ്ടിറാം ഭോസാലെയെ(45) പൊലീസ് അറസ്റ്റു ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ജൂൺ 20 ന് രാത്രി പെൺകുട്ടിയെ മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ പിതാവ് മർദിച്ച് അവശനിലയിലാക്കി. പിറ്റേന്ന് പെണ്‍കുട്ടിയെ സാംഗ്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിതാവിനെ അറസ്റ്റു ചെയ്‌ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജില്ലയിൽ വൻ കോളിളക്കമാണ് കൊലപാതകം ഇതിനോടകം സൃഷ്‌ടിച്ചിരിക്കുന്നത്.
നെൽകരഞ്ചിയിലെ സ്‌കൂളിലെ അധ്യാപകനാണ് ധോണ്ടിറാം ഭോസാലെ. ഭാര്യ പ്രീതി ഭോസാലെ ഗ്രാമത്തിലെ മുൻ സർപഞ്ചാണ്. പത്താം ക്ലാസിൽ 92.60 ശതമാനം മാർക്ക് ലഭിച്ച സാധന അറ്റ്പാഡിയിലെ റെസിഡൻഷ്യൽ കോളജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
പഠനത്തിൽ മിടുക്കിയായ സാധനയെ ഡോക്‌ടറാക്കുക എന്നത് കുടുംബത്തിൻ്റെ മുഴുവൻ സ്വപ്‌നമായിരുന്നു. എല്ലാവരുടേയും സ്വപ്‌നം സാക്ഷാത്‌ക്കരിക്കാൻ വേണ്ടി നീറ്റ് പരീക്ഷക്ക് തയാറെടുത്ത സാധനയ്‌ക്ക് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്‌ചവക്കാൻ കഴിഞ്ഞില്ല.
നീറ്റ് ഫലമറിഞ്ഞ് നെൽകരഞ്ചിയിലെ വീട്ടിലെത്തിയ സാധനയോട് പിതാവ് ധോണ്ടിറാം ഭോസാലെ മാർക്ക് കുറഞ്ഞതിൻ്റെ കാരണം ചോദിച്ചു. പിന്നീട് ഉണ്ടായ വാക്കേറ്റത്തിനിടെ ധോണ്ടിറാം മകളെ വീട്ടിലെ മരക്കുറ്റി ഉപയോഗിച്ച് അടിക്കുകയായിരുന്നു.
മകളുമായി നടന്ന വഴക്കിനിടെ ധോണ്ടിറാമിനെ പിടിച്ചുമാറ്റാൻ ഭാര്യ പ്രീത ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിറ്റേന്ന് രാവിലെ സ്‌കൂളിലെ യോഗാദിന പരിപാടി കഴിഞ്ഞ് വന്ന ധോണ്ടിറാം അബോധാവസ്ഥയിൽ കിടന്ന മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ കുളിമുറിയിൽ വീണ് പരിക്കേറ്റതായാണ് ധോണ്ടിറാം ആശുപത്രി അധികൃതരോട് പറഞ്ഞത്.
പൊലീസ് അന്വേഷണത്തിൽ പിതാവ് മകളെ ക്രൂരമായി മർദിച്ചുട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ ആശുപത്രി ചികിത്സക്കിടെയാണ് പെൺകുട്ടിയെ മർദിച്ചതായി അമ്മ മൊഴി നൽകിയത്. തുടർന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഇൻസ്‌പെക്‌ടർ വിനയ് ബഹിരെ പറഞ്ഞു.