ഫറൂഖാബദ്: ഭാര്യയെ കാമുകന് വിവാഹം ചെയ്‌തു നല്‍കിയ മറ്റൊരു ഭര്‍ത്താവിന്‍റെ വാര്‍ത്തകൂടി പുറത്ത് വന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് ഈ സംഭവം നടന്നത്. കാസ്ഗഞ്ച് ജില്ലയിലെ ഛരിയാഗഞ്ച് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള പട്യാലി ഗ്രാമവാസിയായ രാഹുലാണ് ഭാര്യ വൈഷ്‌ണവിയെ കാമുകന് വിവാഹം ചെയ്‌തു കൊടുത്തത്. 2023-ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.
"ഞങ്ങളുടെ വിവാഹത്തെത്തുടർന്ന് ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാൻ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം വൈഷ്‌ണവി എന്നെ ഉപേക്ഷിച്ചു. ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇപ്പോഴത്തെ ഈ തീരുമാനത്തിന് പിന്നില്‍ ഞങ്ങൾക്ക് മേല്‍ ആരുടെയും സമ്മർദമില്ല" -രാഹുല്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടുകാരുടെ സമ്മതത്തോടെയാണ് താന്‍ വീണ്ടും വിവാഹിതയായിരിക്കുന്നതെന്ന് വൈഷ്‌ണവി പറഞ്ഞു. "ഞാൻ വീണ്ടും വിവാഹിത ആയതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടാവണം. ആദ്യ ഭർത്താവ് എന്നെ അദ്ദേഹത്തോടൊപ്പം നിലനിർത്താൻ ആഗ്രഹിച്ചില്ല. എനിക്ക് അദ്ദേഹത്തോടൊപ്പവും നില്‍ക്കേണ്ടിയിരുന്നില്ല.
ഞങ്ങൾ വിവാഹിതരായിട്ട് രണ്ട് വർഷത്തോളമായി. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞാൻ രണ്ടാം വിവാഹം കഴിക്കുന്നത്" വൈഷ്‌ണവി പറഞ്ഞു. മകളുടെ രണ്ടാം വിവാഹത്തിന് തങ്ങളുടെ പൂര്‍ണ സമ്മതമുണ്ടെന്ന് വൈഷ്‌ണവിയുടെ അമ്മ മീനയും പ്രതികരിച്ചു.
എന്നാല്‍ രാഹുലും വൈഷ്‌ണവിയും ഇതുവരെ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വൈഷ്‌ണവിയുടെ രണ്ടാം വിവാഹം നടന്നത്. അതേസമയം യുപിയില്‍ തന്നെ അടുത്തിടെ മറ്റൊരാളും തന്‍റെ ഭാര്യയെ കാമുകന് വിവാഹം ചെയ്‌തു നല്‍കിയിരുന്നു. കബീർ നഗർ ജില്ലക്കാരനായ ബബ്ലുവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം ചെയ്‌തു നല്‍കിയത്.
തന്‍റെ രണ്ട് കുട്ടികളെ വളർത്തേണ്ടതിന്‍റെ ഉത്തരവാദിത്തം ഇയാൾ സ്വയം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ച ട്വിസ്റ്റും വാര്‍ത്തയില്‍ ഇടം നേടി. രാധികയെ പുതിയ അമ്മായിയമ്മ തിരികെ ബബ്ലുവിന്‍റെ തന്നെ അടുത്തേക്ക് അയക്കുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്‌ടിച്ച സൗരഭ് രജ്‌പുത്തിന്‍റെ കൊലപാതകം അറിഞ്ഞതോടെയാണ് ഭാര്യയെ കാമുകന് തന്നെ നല്‍കാന്‍ ബബ്ലു തീരുമാനിച്ചത്. മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭിനെ ഭാര്യ മുസ്‌കാനും കാമുകൻ സാഹിലും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: ബബ്ലുവിന്‍റെ ജീവിതത്തില്‍ വീണ്ടും ട്വിസ്റ്റ്; രാധിക തിരിച്ചെത്തി!
മാര്‍ച്ച് മൂന്നിന് നടന്ന കൊലപാതകത്തില്‍ നിലവില്‍ ഇരുവരും പൊലീസിന്‍റെ പിടിയാണ്. ഇതുപോലെ ഭാര്യയും കാമുകനും തന്നെയും കൊലപ്പെടുത്തുമോയെന്നായിരുന്നു ബബ്ലുവിന്‍റെ ഭയം. എന്നാല്‍ രാഹുലിന്‍റെ തീരുമാനത്തെ ഈ കൊലപാതകം സ്വാധീനിച്ചുവോയെന്ന് വ്യക്തമല്ല.