ലഖ്‌നൗ: റോഡ് മുറിച്ചുകടക്കവെ അയൽവാസിയെ നോക്കി ചിരിച്ച കർഷകനെ മർദിച്ച് കൊലപ്പെടുത്തി. ജലാൽ നഗർ സ്വദേശിയായ ഉമ്മീദ് ഖാനാണ് (55) കൊല്ലപ്പെട്ടത്. ബറേലിയിൽ ബിഷാരത്ഗഞ്ചിലാണ് സംഭവം. പ്രതി റെയ്‌സ് ഖാനായി അന്വേഷണം ഊർജിതമെന്ന് പൊലീസ്.
ഉമ്മീദ് ഖാൻ അയൽവാസിയായ റെയ്‌സ് ഖാനുമായി ദീർഘകാലമായി തർക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാർക്കറ്റിൽ വച്ച് റെയ്‌സ് ഖാൻ റോഡ് മുറിച്ച് കടക്കവെ ഉമ്മീദ് ഖാൻ റെയ്‌സ് ഖാനെ നോക്കി ചിരിച്ചുവെന്നും അതാണ് കൊലപ്പെടുത്താൻ കാരണമെന്നും പൊലീസ് പറഞ്ഞു.
'കടയിൽ നിൽക്കുമ്പോൾ അദ്ദേഹം എന്തോ കണ്ട് ചിരിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന റെയ്‌സ് പെട്ടെന്ന് ദേഷ്യപ്പെടുകയും ഉമ്മീദിനെ അടിക്കുകയും ചെയ്‌തു. തുടർന്ന് അയാൾ സഹോദരന്മാരെ വിളിച്ചു വരുത്തി. അവരെല്ലാം ചേര്‍ന്ന് ഉമ്മീദ് ഖാനെ ക്രൂരമായി മര്‍ദിക്കുകയും ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഉമ്മീദ് ഖാന്‍റെ ബന്ധു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഉമ്മീദ് ഖാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രാക്‌ടർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരുടെയും കുടുംബങ്ങൾക്കിടയിൽ വളരെക്കാലമായി സംഘർഷം നിലനിന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 'ട്രാക്‌ടർ ലഭ്യതയെച്ചൊല്ലി അവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഏപ്രിൽ 7ന് റെയ്‌സ് സമീപത്ത് ഉണ്ടായിരുന്നപ്പോൾ ഉമ്മീദ് ഖാൻ ചിരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിൽ ഞങ്ങൾ നേരത്തെയും കേസെടുത്തിരുന്നു. നിലവിൽ ഉമ്മീദ് മരിച്ച സാഹചര്യത്തിൽ റെയ്‌സിനെതിരെ കൊലപാതക കുറ്റത്തിനാണ് കോസെടുത്തിരിക്കുന്നതെന്ന് ബിഷാരത്ഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് സതീഷ് കുമാർ സിങ് പറഞ്ഞു.
പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കാസർകോട് സ്വർണക്കടത്ത് തർക്കത്തെ തുടർന്ന് കൊലപാതകം: വിധി ഈ മാസം 16ന്