'രക്തദാനം മഹാദാനം' എന്ന മുദ്രാവാക്യം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അത്രത്തോളം മഹത്വമാണ് ഇതിനുള്ളത്. ഒരാളുടെ ജീവൻ രക്ഷിക്കുകയെന്നതില്‍പരം മഹത്തായ മറ്റൊരുകാര്യം വേറെന്തുണ്ട്... അങ്ങനെ രക്തദാനം ജീവിതമാക്കി മാറ്റിയ നാലംഗ കുടുംബമുണ്ട്, അങ്ങ് പഞ്ചാബിൽ. തങ്ങളുടെ ജീവിതകാലം മുഴുവൻ രക്തദാനത്തിന് വേണ്ടി മാത്രം നീക്കി വച്ചിരിക്കുകയാണിവര്‍.
രക്തദാനത്തിനായി ജീവിതം മാറ്റിവച്ച ബീർബൽ ബൻസലിന്‍റെ നേതൃത്വത്തിലുള്ള ഛത്തീസ്‌ഗഢിലെ ബതിൻഡയിൽ നിന്നുള്ള കുടുംബമാണ് സമൂഹത്തിനാകെ മാതൃകയായി മാറിയിരിക്കുന്നത്. "ഒരു തുള്ളി രക്തം നൽകിയാൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യവും" പഞ്ചാബ് ബതിൻഡ സ്വദേശി ബീർബൽ ബൻസാൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 30 വർഷത്തിലേറെയായി സാമൂഹ്യപ്രവർത്തന രംഗത്ത് സജീവമാണ് ബൻസാലും കുടുംബവും. "1998ൽ എനിക്കൊരു ആശയം ഉദിച്ചു. അത് രക്തദാനം എന്ന മഹാദാനത്തെക്കുറിച്ചായിരുന്നു. രക്തദാന ക്യാമ്പയിൻ ആരംഭിച്ചു. അന്നത്തെ കാലത്ത് രക്തദാനം എന്നത് ഒരു അപകടമാണെന്ന് കണ്ടിരുന്ന മനുഷ്യരായിരുന്നു.
അതിനാൽ ആളുകൾ രക്തം ദാനം ചെയ്യാൻ ഭയന്നിരുന്നു. അക്കാലത്ത് വീടുകൾ തോറും കയറിയിറങ്ങി അവബോധം സൃഷ്‌ടിക്കുകയും രക്തദാനത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു" ബൻസാലി വ്യക്തമാക്കി. ആദ്യ കാലങ്ങളിൽ പല എതിർപ്പുകളും നേരിട്ടെങ്കിലും അദ്ദേഹം തൻ്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വിജയം കൈവരിച്ച് സമൂഹത്തിന് ഉത്തമ മാതൃകയായി മാറി.
സാമൂഹ്യ പ്രവർത്തനരംഗത്ത് 1992 മുതൽ
സാമൂഹ്യ പ്രവർത്തന രംഗത്ത് ബൻസാലിന്‍റെ യാത്ര തുടങ്ങുന്നത് 1992–93 കാലഘട്ടത്തിലാണ്. പിന്നീട് ഈ രംഗത്തേക്ക് തന്നെ മുഴുവനായും സമർപ്പിക്കുകയും തൻ്റെ ലക്ഷ്യത്തിലേക്കെത്താൻ കൂടുതൽ പരിശ്രമിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. 1998ൽ ആരംഭിച്ച തൻ്റെ രക്തദാന ക്യാമ്പയിനിനെ ഇന്ന് ഫലപ്രാപ്‌തിയിലേക്കെത്തിക്കാൻ അദ്ദേഹത്തിനായി. അദ്ദേഹവും കുടുംബവും നല്‍കിയ പ്രചോദനത്തിന്‍റെ ഭാഗമായി ഇന്ന് നിരവധിയാളുകൾ സ്വമേധയാ രക്തദാനത്തിന് എത്തുന്നു.
പിന്തുണ നൽകി കുടുംബവും
ബീർബലിൻ്റെ സ്വപ്‌നത്തെ പിന്തുണക്കാൻ കുടുംബവും ഒപ്പം തന്നെയുണ്ട്. അവരും രക്തദാനത്തിൽ സജീവമായി പങ്കെടുക്കുന്നു. ഇതുവരെ 75 തവണ ബീർബൽ രക്‌തം ദാനം ചെയ്‌തിട്ടുണ്ട്. രക്തദാനം ചെയ്യുമ്പോൾ 50 കിലോ ഭാരം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ബീർബൽ ആദ്യമായി രക്തം ദാനം ചെയ്യുമ്പോൾ വെറും 45 കിലോയിൽ താഴെ ആയിരുന്നു ഭാരം. എന്നിട്ടും മറ്റുള്ളവരെ സഹായിക്കാനുള്ള തൻ്റെ ദൃഢനിശ്ചയത്തിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. മകൾ കാജൽ പിതാവിൻ്റെ പാത പിൻതുടർന്ന് രക്തദാനം ചെയ്യാൻ മുന്നോട്ട് വന്നു. ഭാര്യ സവിത, ബീർബൽ ചെയ്യുന്ന കഠിനാധ്വാനത്തിൽ അഭിമാനിക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ആഘോഷങ്ങൾക്കൊപ്പം രക്തദാന ക്യാമ്പും
ബീർബലിൻ്റെ വീട്ടിൽ എന്തെങ്കിലും ആഘോഷങ്ങൾ നടക്കുകയാണെങ്കിൽ അതിനൊപ്പം ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ബീർബലിൻ്റെ മകൻ ദുഷ്യന്തിന് 18 വയസ് തികഞ്ഞപ്പോൾ അന്ന് തന്നെ രക്തദാനം ചെയ്‌തു. ഉറക്കമുണർന്നതിന് ശേഷം നേരെ പ്രഭാതഭക്ഷണം കഴിച്ച് താൻ രക്തദാനം ചെയ്‌തുവെന്ന് ദുഷ്യന്ത് പറഞ്ഞു. ഇതുവരെ ഏഴ് തവണ രക്തദാനം ചെയ്‌തു.
അതുപോലെ തൻ്റെ സുഹൃത്തുക്കളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുവെന്ന് ദുഷ്യന്ത് പറയുന്നു. വിവാഹ വാർഷികം, ജന്മദിനം എന്നിങ്ങനെയുള്ള പരിപാടികൾ ആരംഭിക്കുന്നത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ടാണ്. സവിത, ദുഷ്യന്ത്, കാജൽ എന്നിവരെല്ലാം പതിവായി രക്തം ദാനം ചെയ്‌ത് വരുന്നു.
അവബോധം സൃഷ്‌ടിക്കൽ
പൊതുജനങ്ങൾക്ക് ആദ്യത്തെക്കാലത്ത് രക്‌തദാനം എന്നത് ഭയമായിരുന്നു. എന്തെങ്കിലും സംഭവിക്കുമോയെന്നുള്ള ഭയം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള മിഥ്യാധാരണകൾ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നതിനാൽ രക്തദാനം ചെയ്യാൻ ആളുകളോട് പറയുന്നതിൽ ബീർബലിന് പരിമിതി ഉണ്ടായിരുന്നു. ഇക്കാരണത്താൽ പല വെല്ലുവിളികളും അദ്ദേഹം നേരിട്ടു. പിന്നീട് അദ്ദേഹത്തിൻ്റെ കഠിനപ്രയത്‌നത്താൽ ആളുകൾക്കിടയിൽ അവബോധം സൃഷ്‌ടിക്കുകയും രക്‌തദാനം എന്നത് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബോധവത്‌കരിക്കാൻ അദ്ദേഹത്തിനായി.
രക്തദാനം ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നുവെന്ന് ശാസ്ത്രം സ്ഥിരീകരിച്ചതോടെ ആളുകളുടെ മനോഭാവം മാറാനായി തുടങ്ങി. ഇതിൻ്റെ ഫലമായി നിരവധിയാളുകൾ ഇപ്പോൾ രക്തദാനത്തിന് സ്വയം മുന്നോട്ട് വരാൻ തുടങ്ങി. രക്തദാനത്തിലൂടെ ഒരു ജീവൻ രക്ഷിക്കുന്നത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തരമായ പ്രവൃത്തികളിൽ ഒന്നാണെന്ന് ബീർബൽ വിശ്വസിക്കുന്നു. വരുംതലമുറയ്‌ക്കും സമൂഹത്തിനുമാകെ നല്ലൊരു മാതൃക തീര്‍ത്തിരിക്കുകയാണ് ബീര്‍ബലും കുടുംബവും.......