മോസ്‌കോ: ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നിലപാടിന് റഷ്യ പിന്തുണ നൽകുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തൂവെന്ന് മുന്‍ നയതന്ത്രജ്ഞന്‍ മഞ്ജീവ് എസ് പുരി. ഇന്ത്യന്‍ നിലപാട് റഷ്യ പൂര്‍ണമായും മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടത്തെയും ഓപറേഷൻ സിന്ദൂറിനെയും കുറിച്ച് വിശദീകരിക്കുന്നതിനായി വിവിധ രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിനുള്ള ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിലെ അംഗമാണ് മഞ്ജീവ്.
ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലമായി നയതന്ത്ര ബന്ധമുള്ളതിനാലാണ് ആദ്യ സന്ദർശനത്തിന് മോസ്‌കോ തെരഞ്ഞെടുത്തത്. ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യ പോലുള്ള സഖ്യകക്ഷികളിൽ നിന്ന് ഇന്ത്യ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയിക്കുകയുമാണ് സന്ദർശനത്തിൻ്റെ ലക്ഷ്യമെന്ന് മഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ ബന്ധം എപ്പോഴും പാകിസ്ഥാനിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെന്ന് ഡിഎംകെ എംപി കനിമൊഴിയും പറഞ്ഞു. കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) എംപി രാജീവ് റായ്, ബിജെപി ക്യാപ്‌റ്റൻ ബ്രിജേഷ് ചൗട്ട, പ്രേംചന്ദ് ഗുപ്‌ത (ഭാരതീയ ജനതാദൾ), അശോക് കുമാർ മിത്തൽ (ആം ആദ്‌മി പാർട്ടി ) എന്നിവരും ഉൾപ്പെടുന്നു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനും അതിർത്തികടന്നുള്ള ഭീകരതയ്‌ക്കുമെതിരെ ഇന്ത്യയുടെ പ്രതികരണം സംബന്ധിച്ച് റഷ്യൻ നേതാക്കളെ അറിയിക്കുന്നതിനാണ് പ്രതിനിധി സംഘം മോസ്‌കോയിലെത്തിയത്. ഇന്നലെയാണ് സംഘം ഇതിനായി യാത്ര തിരിച്ചത്. നേരത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും തമ്മിൽ നടത്തിയ സംഭാഷണത്തിൽ റഷ്യ ശക്തമായ ഐക്യദാർഢ്യം പുലർത്തുന്നുണ്ടെന്ന് അറിയിച്ചിരുന്നു. റഷ്യയ്‌ക്ക് പുറമെ പ്രതിനിധി സംഘം സ്ലോവേനിയ, ഗ്രീസ്, ലാത്‌വിയ, സ്‌പെയിൻ എന്നിവിടങ്ങളും സന്ദർശനം നടത്തും.
Also Read: 'ഒരിക്കലും മറക്കില്ല, ഒരിക്കലും ക്ഷമിക്കില്ല'; ഭീകരതയ്‌ക്കെതിരെ ശക്‌തമായ നിലപാടറിയിച്ച് ഇന്ത്യ