ബെംഗളൂരു : കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. പരമേശ്വറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം ഇഡി റെയ്‌ഡ്. തുമകുരുവിലെ സിദ്ധാര്‍ഥ എഞ്ചിനിയറിങ് കോളജ്, സിദ്ധാര്‍ഥ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഇന്നലെ ഇഡി റെയ്‌ഡ് നടത്തിയത്. വ്യാഴാഴ്‌ചയോടെ റെയ്‌ഡ് പൂര്‍ത്തിയായി.
ഇന്നലെ റെയ്‌ഡ് പൂര്‍ത്തിയാക്കിയ ശേഷം ഇഡി ഉദ്യോഗസ്ഥര്‍ കോളജിൻ്റെ പിറക് വശത്തു കൂടെയാണ് പോയതെന്ന് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ ചില സുപ്രധാന രേഖകളും കണ്ടെടുത്തെന്നാണ് റിപ്പോർട്ട്. ബുധനാഴ്‌ച ഒമ്പത് മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. ഇഡി ഉദ്യോഗസ്ഥര്‍ തുമരകുരുവിലെ മൂന്ന് സ്ഥലങ്ങളില്‍ ഒരേ സമയം റെയ്‌ഡ് നടത്തി. റെയ്‌ഡ് സമയത്ത് സിദ്ധാര്‍ഥ എഞ്ചിനിയറിങ് കോളജ് കാമ്പസിലെ വിദ്യാര്‍ഥികളെയും കോളജ് ജീവനക്കാരെയും ഒഴികെ മറ്റാരെയും ഇഡി അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
ജി പരമേശ്വറിൻ്റെ പ്രതികരണം
"ഞങ്ങളുടെ സിദ്ധാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സിദ്ധാര്‍ഥ എഞ്ചിനിയറിങ് കോളജ്, സിദ്ധാര്‍ഥ മെഡിക്കല്‍ കോളജ് സിദ്ധാര്‍ഥ അക്കാദമി ഓഫ് ഹയര്‍ ഹയര്‍ എജുക്കേഷന്‍ എന്നീ സ്ഥാപങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇഡി ഉദ്യോഗസ്ഥര്‍ കുറച്ച് രേഖകള്‍ നല്‍കാന്‍ ആശ്യപ്പെട്ടിരുന്നു. ഇഡി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അവര്‍ക്ക് വേണ്ട രേഖകള്‍ നല്‍കണമെന്നും ഞാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്തിനാണ് റെയ്‌ഡ് നടത്തിയതന്ന് എനിക്ക് അറിയില്ല. ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഫയലുകള്‍ നല്‍കാനും ഞാന്‍ ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്." -വ്യാഴാഴ്‌ച ബെംഗളൂരുവിൽ മാധ്യമ പ്രവര്‍ത്തകരോടായി പരമേശ്വർ പറഞ്ഞു.
"ഇപ്പോള്‍ നടക്കുന്ന റെയിഡിനെ കുറിച്ച് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ആദ്യം അന്വേഷണം കഴിഞ്ഞുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരട്ടെ അതിന് മുന്‍പായി സംസാരിക്കുന്നത് ഉചിതമായ കാര്യമല്ല." -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദലിത് നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജന്‍സികള്‍ റെയ്‌ഡ് നടത്തുന്നതെന്ന വ്യാഖ്യാനങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോണ്‍ഗ്രസിൻ്റെ പ്രസ്‌താവന
പരമേശ്വറിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന ഇഡി റെയ്‌ഡില്‍ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവല, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മന്ത്രി എച്ച് കെ പാട്ടീല്‍ എന്നിവരുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ആഭ്യന്തര മന്ത്രിയുടെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്‌ഡിനെയും നടി രണ്യ റാവോയുടെ സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നുള്ള ആരോപണങ്ങളെയും ഡികെ ശിവകുമാര്‍ തള്ളി.
'ഡോ. പരമേശ്വര്‍ സത്യസന്ധനാണ്, ഒരു തെറ്റും ചെയ്‌തിട്ടില്ല. ഞാന്‍ അദ്ദേഹത്തിൻ്റെ വീട്ടില്‍ പോയ സമയത്ത് ഇതിനെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്‌തിരന്നു. പൊതുജീവിതത്തില്‍ പലരും ട്രസ്റ്റുകൾ നടത്തുകയും വിവാഹ ചടങ്ങുകളിൽ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അതിനാൽ അദ്ദേഹം നടി രണ്യയ്ക്ക് ഒരു സമ്മാനം നൽകിയിരിക്കാൻ സാധ്യതയുണ്ട്' -ഡികെ ശിവകുമാർ പറഞ്ഞു