ന്യൂഡൽഹി: 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തള്ളി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ. ഉന്നയിക്കുന്ന കാര്യങ്ങൾ പൂർണ അസംബന്ധമാണെന്നും കമ്മിഷൻ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിൽ "മാച്ച്-ഫിക്സിംഗ് മഹാരാഷ്ട്ര" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച രാഹുൽ ഗാന്ധിയുടെ ലേഖനത്തെ അടിസ്ഥാനമാക്കിയായിരുന്നു പരാമർശം. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും നിയമപ്രകാരമാണ് നടക്കുന്നതെന്നും, തെരഞ്ഞെടുപ്പുകൾ നടക്കുന്നതിൻ്റെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
"പ്രിയപ്പെട്ട ഇ സി, നിങ്ങൾ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഒപ്പിടാത്തതും ഒഴിഞ്ഞുമാറുന്നതുമായ കുറിപ്പുകൾ ഇടനിലക്കാർ പുറത്തുവിടുന്നത് ഗൗരവമേറിയ ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള മാർഗമല്ല. നിങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ, എൻ്റെ ലേഖനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി അത് തെളിയിക്കണമെന്നും" രാഹുൽ ഗാന്ധി മറുപടി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാരാഷ്ട്ര ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭയിലേക്കും വിധാൻ സഭകളിലേക്കുമുള്ള ഏറ്റവും പുതിയ തെരഞ്ഞെടുപ്പുകൾക്കായി ഏകീകൃത, ഡിജിറ്റൽ, മെഷീൻ-റീഡബിൾ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക, മഹാരാഷ്ട്ര പോളിങ് ബൂത്തുകളിൽ നിന്ന് വൈകുന്നേരം 5 മണിക്ക് ശേഷമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉയർത്തി.
എന്നാൽ വോട്ടർ പട്ടിക തയ്യാറാക്കൽ, പോളിങ്, വോട്ടെണ്ണൽ എന്നിവയുൾപ്പെടെ ഓരോ തെരഞ്ഞെടുപ്പ് പ്രക്രിയയും സർക്കാർ ജീവനക്കാരാണ് നടത്തുന്നതെന്നും അതും പോളിങ് സ്റ്റേഷൻ മുതൽ മണ്ഡലതലം വരെ രാഷ്ട്രീയ പാർട്ടികൾ/സ്ഥാനാർഥികൾ ഔദ്യോഗികമായി നിയമിച്ച അംഗീകൃത പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടത്തുന്നതെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ആരെങ്കിലും പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ നിയമത്തോടുള്ള അനാദരവിൻ്റെ അടയാളം മാത്രമല്ല, സ്വന്തം രാഷ്ട്രീയ പാർട്ടി നിയമിച്ച ആയിരക്കണക്കിന് പ്രതിനിധികൾക്ക് അവമതിപ്പ് ഉണ്ടാക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് സുതാര്യമായി പ്രവർത്തിച്ച ലക്ഷക്കണക്കിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു. വോട്ടർമാരുടെ പ്രതികൂലമായ വിധിക്ക് ശേഷം, തെരഞ്ഞെടുപ്പ് കമ്മിഷൻ വിട്ടുവീഴ്ച ചെയ്തതാണെന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് പൂർണമായും അസംബന്ധമാണെന്നും ഇവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംങ് സ്റ്റേഷനിൽ എത്തിയ 6,40,87,588 വോട്ടർമാർ വോട്ട് ചെയ്തു. മണിക്കൂറിൽ ശരാശരി 58 ലക്ഷം വോട്ടുകളാണ് പോൾ ചെയ്തത്. ഈ ശരാശരി ട്രെൻഡുകൾ അനുസരിച്ച്, കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ ഏകദേശം 116 ലക്ഷം വോട്ടർമാർ വോട്ട് ചെയ്തിരിക്കാം. അതിനാൽ, രണ്ട് മണിക്കൂറിനുള്ളിൽ 65 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയത് ശരാശരി മണിക്കൂർ വോട്ടിങ് ട്രെൻഡുകളേക്കാൾ വളരെ കുറവാണ്."
കൂടാതെ, എല്ലാ പോളിംങ് ബൂത്തുകളിലും സ്ഥാനാർഥികൾ/ രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി നിയമിച്ച പോളിങ് ഏജൻ്റുമാരുടെ മുന്നിലാണ് വോട്ടെടുപ്പ് പുരോഗമിച്ചത്. അടുത്ത ദിവസം റിട്ടേണിങ് ഓഫിസർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകർക്കും മുമ്പാകെ സൂക്ഷ്മപരിശോധന നടത്തിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള അസാധാരണ വോട്ടിങിനെക്കുറിച്ച് ഐഎൻസിയുടെ നാമനിർദേശം ചെയ്യപ്പെട്ട സ്ഥാനാർഥികളോ അവരുടെ അംഗീകൃത ഏജൻ്റുമാരോ ഒരു തെളിവും ഉന്നയിച്ചിട്ടില്ല," എന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇന്ത്യയിലെ വോട്ടർ പട്ടിക 1950 ലെ ജനപ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ നിയമങ്ങളും അനുസരിച്ചാണ് തയ്യാറാക്കുന്നത്. നിയമപ്രകാരം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അല്ലെങ്കിൽ എല്ലാ വർഷവും ഒരിക്കൽ വോട്ടർ പട്ടികകളുടെ ഒരു പ്രത്യേക സംഗ്രഹ പരിഷ്കരണം നടത്തുകയും വോട്ടർ പട്ടികയുടെ അന്തിമ പകർപ്പ് കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ ദേശീയ/ സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും കൈമാറുകയും ചെയ്യുന്നു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഈ വോട്ടർ പട്ടിക അന്തിമമാക്കിയതിനുശേഷം, 9,77,90,752 വോട്ടർമാരിൽ, ഒന്നാം അപ്പീൽ അതോറിറ്റിക്ക് (ഡിഎം) മുന്നിൽ ആകെ 89 അപ്പീലുകൾ മാത്രമേ ഫയൽ ചെയ്തിട്ടുള്ളൂ, രണ്ടാം അപ്പീൽ അതോറിറ്റിക്ക് (സിഇഒ) മുന്നിൽ ഒരു അപ്പീൽ മാത്രമേ ഫയൽ ചെയ്തിട്ടുള്ളൂ. അതിനാൽ, 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഐഎൻസിക്കോ മറ്റ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ പരാതി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്," എന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.