ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് വരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള പൊതുനിരീക്ഷകരെയും പൊലീസ് നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. ഗുജറാത്ത്, കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 20 ബി വകുപ്പും ഭരണഘടനാധികാരങ്ങളും അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ കൃത്യമായി നിരീക്ഷിക്കാന്‍ ഇവര്‍ ബാധ്യസ്ഥരായിരിക്കും. തെരഞ്ഞെടുപ്പ് പക്ഷപാതരഹിതമായും വിശ്വാസ്യതയോടും നടക്കുന്നു എന്നുറുപ്പാക്കുകയാണ് ഇവരുടെ ചുമതല.
തെരഞ്ഞെടുപ്പ് വിശ്വാസ്യതയോടെ നടക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമപ്പുറംവോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് അവരെ ബോധവത്ക്കരിക്കുക എന്നതും ഇവരുടെ ചുമതലയാണ്. ഗുജറാത്തിലെ കദി, വിശ്വാദര്‍, കേരളത്തിലെ നിലമ്പൂര്‍, പശ്ചിമബംഗാളിലെ കാളിഗഞ്ച്, പഞ്ചാബിലെ ലുധിയാന വെസ്റ്റ് എന്നിവിടങ്ങളിലാണ് ഈ മാസം പത്തൊന്‍പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലുള്ള അംഗങ്ങള്‍ മരിക്കുകയോ രാജി വയ്ക്കുകയോ ചെയ്‌തതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്ന പി വി അന്‍വര്‍ സിപിഎമ്മുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജി വച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇക്കുറി അന്‍വര്‍ പൊതു സ്വതന്ത്രനായി മണ്ഡലത്തില്‍ ജനവിധി തേടുന്നു. കോണ്‍ഗ്രസിന്‍റെ ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫിന് വേണ്ടി കളത്തിലുള്ളത്. ഇടതുമുന്നണിക്ക് വേണ്ടി സിപിഎമ്മിന്‍റെ എം സ്വരാജ് മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് മത്സരിക്കുന്നു. ശക്തമായ ചതുഷ്‌ക്കോണ മത്സരത്തിനാണ് മണ്ഡലം വേദിയാകുക എന്നാണ് പൊതുവിലയിരുത്തല്‍. കത്രിക ചിഹ്നത്തിലാണ് അന്‍വര്‍ മത്സരിക്കുന്നത്. നേരത്തെ ഓട്ടോറിക്ഷയായിരുന്നു അന്‍വറിന്‍റെ ചിഹ്നം.
ഗുജറാത്തില്‍ ഹീരാലാല്‍, അവനിഷ് കുമാര്‍ ശരണ്‍ എന്നിവരെ പൊതു നിരീക്ഷകരായി നിയോഗിച്ചു. ദിനേഷ് കുമാര്‍ ഗുപ്‌തയും അനില്‍കുമാറുമാണ് പൊലീസ് നിരീക്ഷകര്‍. നിലമ്പൂരില്‍ കെ വി മുരളീധരന്‍ ആണ് പൊതു നിരീക്ഷകന്‍. അരുണാംഘ്ഷു ഗിരിയെ പൊലീസ് നിരീക്ഷകനായി ചുമതലപ്പെടുത്തി.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ രാജീവ് കുമാറിനെ പൊതു നിരീക്ഷകനായും സുന്ദര്‍പാലിനെ പൊലീസ് നിരീക്ഷകനായും നിയമിച്ചു. പശ്ചിമബംഗാളില്‍ ശേഷ് മണി പാണ്ഡെയെ പൊതുനിരീക്ഷകനായും ഭൂപേന്ദ്രസാഹുവിനെ പൊലീസ് നിരീക്ഷകനായും ചുമതലപ്പെടുത്തി.
കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്കും സംശയമുള്ളവര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്താനാകും. ഈ മാസം 23നാണ് വോട്ടെണ്ണല്‍.