ന്യൂഡൽഹി : നിയമ രംഗത്തും നീതി ന്യായ വ്യവസ്ഥയിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ നിർണായക പങ്ക് എടുത്ത് പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഗവേഷണവും ജുഡീഷ്യറിയും നവീകരിക്കുന്നതിൽ എഐ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡോ-സിംഗപ്പോർ ജുഡീഷ്യൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്‌റ്റിസ്.
ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എടുത്തുപറഞ്ഞ ചന്ദ്രചൂഡ്, നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും നീതി പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും കാണിക്കുന്ന പ്രതിബദ്ധതയെ അഭിനന്ദിച്ചു. വ്യത്യസ്‌ത നിയമ സംവിധാനങ്ങൾക്കിടയിൽ ക്രോസ്-കൾച്ചറൽ എക്‌സ്‌ചേഞ്ചും പരസ്പര പഠനവും വളർത്തുന്നതിൽ ജുഡീഷ്യൽ ഡയലോഗുകൾ പ്രധാന പങ്ക് വഹിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'അതിവേഗം വികസിക്കുന്ന രണ്ട് രാഷ്‌ട്രങ്ങൾ എന്ന നിലയിൽ, ഇന്ത്യയും സിംഗപ്പൂരും നീതിന്യായ വ്യവസ്ഥകളെ നവീകരിക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിയണമെന്ന് സിജെഐ പറഞ്ഞു. ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്‌ഫോമുകളും ഇലക്‌ട്രോണിക് ഫയലിങ് സംവിധാനങ്ങളും പോലുള്ള അത്യാധുനിക സംരംഭങ്ങൾ സിംഗപ്പൂര് സ്വീകരിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. ആഗോള സാങ്കേതിക വിദ്യയുടെയും ഇന്നൊവേഷന്‍റെയും ഹബ്ബായി സിംഗപ്പൂര് ഉയർന്നു വരുന്നതിനെ അദ്ദേഹം അഭിനനിന്ദിച്ചു.
ജുഡീഷ്യറിയെ ആധുനികവൽക്കരിക്കുന്നതില്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഇന്ത്യയുടെ മുന്നേറ്റങ്ങളെയും
ചീഫ് ജസ്റ്റിസ് പ്രശംസിച്ചു. ഇ-കോടതി പദ്ധതി പോലുള്ള സംരംഭങ്ങളെ പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. 'ഇന്ത്യയ്ക്ക് ഊർജ്ജസ്വലമായ ഒരു സാങ്കേതിക വ്യവസ്ഥയും സമ്പന്നമായ ഒരു നിയമ പാരമ്പര്യവും ഉണ്ട്. ഒരു ബില്യണിലധികം ജന സംഖ്യയുള്ളതും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും ഉള്ള ഇന്ത്യ, നീതി ന്യായ വ്യവസ്ഥയിൽ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിന് ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.
ഉദാഹരണത്തിന്, ഇ-കോടതികൾ പദ്ധതിയിലൂടെ കോടതി പ്രക്രിയകൾ കംപ്യൂട്ടറൈസ് ചെയ്യുക, കേസ് രേഖകൾ ഡിജിറ്റൈസ് ചെയ്യുക, ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും ഓൺലൈൻ കേസ് മാനേജ്‌മെന്‍റ് സംവിധാനങ്ങൾ സ്ഥാപിക്കുക, ഭരണപരമായ ചുമതലകൾ ഓട്ടോമേറ്റ് ചെയ്യുക എന്നിവ നടക്കുന്നു. ഇ-കോടതികൾ നിയമ നടപടികളുടെ വേഗവും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ആത്യന്തികമായി എല്ലാ പൗരന്മാർക്കും നീതി ലഭ്യമാക്കുകയും ചെയ്യുന്നു.'- ചന്ദ്രചൂഡ് പറഞ്ഞു.
നിയമ ഗവേഷണത്തില്‍ എഐയുടെ സാധ്യതകളെ കുറിച്ചും ചീഫ് ജസ്‌റ്റിസ് പരാമര്‍ശിച്ചു. സമാനതകളില്ലാത്ത കാര്യക്ഷമതയും കൃത്യതയും ഉപയോഗിച്ച് നിയമ പ്രൊഫഷണലുകളെ പ്രാപ്തരാക്കുന്ന ഗെയിം-ചേഞ്ചർ ആണ് എഐ എന്ന് ചന്ദ്രചൂഡ് പറഞ്ഞു. കൊളംബിയയിലും ഇന്ത്യയിലും കോടതി വിധിയിൽ ചാറ്റ് ജിപിടി ഉപയോഗിച്ച പ്രത്യേക സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു.
'നിയമപരമായ വിവരങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിന് തത്സമയ ട്രാൻസ്ക്രിപ്ഷൻ സേവനങ്ങൾ ഇന്ത്യൻ സുപ്രീം കോടതി അവതരിപ്പിച്ചു. ഭാഷാ വൈവിധ്യത്തെയും ഈ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളും എന്നതാണ് പ്രത്യേകത.
തത്സമയ ട്രാൻസ്ക്രിപ്ഷൻ സേവനങ്ങൾ ജുഡീഷ്യൽ നടപടികൾ 18 പ്രാദേശിക ഭാഷകളിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യുന്നു സുപ്രീം കോടതി വിധിക് അനുവാദ് സോഫ്‌റ്റ്‌വെയർ എന്ന എഐ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള പൗരന്മാർക്ക് നിയമപരമായ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ഇത് സമയം ലാഭിക്കുക മാത്രമല്ല, കോടതി സംവിധാനത്തിലെ കാലതാമസങ്ങളും ബാക്ക്‌ലോഗുകളും കുറയ്ക്കുന്നതിലൂടെ നീതിയിലേക്കുള്ള കാലതാമസം കുറയ്‌ക്കുകയും ചെയ്യുന്നു.'- അദ്ദേഹം പറഞ്ഞു.
കൊളംബിയൻ ജഡ്‌ജിയായ ജസ്‌റ്റിസ് ജുവാൻ മാനുവൽ പാഡില്ല, ഒരു ഓട്ടിസം ബാധിച്ച കുട്ടിക്കുള്ള ഇൻഷുറൻസ് ക്ലെയിമുകൾ സംബന്ധിച്ച കേസിൽ വിധി പറയാൻ ചാറ്റ് ജിപിടി ഉപയോഗിച്ച സംഭവവും ചന്ദ്രചൂഡ് വിശദീകരിച്ചു.പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജാമ്യാപേക്ഷയിൽ ചാറ്റ് ജിപിടിയിൽ നിന്ന് ഉൾക്കാഴ്ച തേടിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു.
അതേ സമയം, എഐ ഉപയോഗത്തിലെ സുതാര്യത, ഉത്തരവാദിത്തം, ന്യായബോധം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. എഐ സിസ്‌റ്റങ്ങളിൽ വന്നുകൂടിയേക്കാവുന്ന പിശകുകളെയും പക്ഷപാതങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം, ടെക്‌നോളജിയുടെയും എഐയുടെയും പുരോഗതി അനിവാര്യമാണെന്നും സിജെഐ വ്യക്തമാക്കി.
Also Read : ആരോഗ്യ രംഗത്ത് വിപ്ലവമൊരുക്കി എഐ ; അൽഷിമേഴ്‌സ് ചികിത്സയിലും ഉപയോഗപ്പെടുത്താമെന്ന് ഗവേഷകര്‍