ന്യൂഡൽഹി : നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മതിൽ തകർന്ന് വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ പഹർഗഞ്ചിലെ നബി കരീം പ്രദേശത്താണ് അതിദാരുണ സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ഇവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അഗ്നിശമന സേനയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പഹർഗഞ്ചിലെ നബി കരീം പ്രദേശത്തെ ആർ കസ്ന റോഡ്, കൃഷ്ണ ഹോട്ടലിന് സമീപമാണ് സംഭവം.
മതിൽ തകരുമ്പോൾ ബേസ്മെന്‍റിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നിലവിൽ അഞ്ച് പേരെയാണ് പുറത്തെടുത്തത്. ഇതിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേർ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടനെ ഡൽഹി ഫയർ സർവീസിന്‍റെ നാല് വാഹനങ്ങൾ സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാദേശിക പൊലീസ് സേനയും ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തുണ്ട്.
സംഭവത്തെ തുടർന്ന്, ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി ദുഃഖം രേഖപ്പെടുത്തി. മറ്റ് നിരവധി നേതാക്കളും അനുശോചനം അറയിച്ചിട്ടുണ്ട്.
Also Read: പ്രതിയെ പിടികൂടുന്നതിനിടെ വൈദ്യുതാഘാതം; പൊലീസ് കോൺസ്‌റ്റബിളിന് ദാരുണാന്ത്യം