ന്യൂഡൽഹി: സേക്രഡ് ഹാർട്ട് ചർച്ചിന് ഓശാന ഞായർ ദിനത്തിൽ കുരിശിന്‍റെ വഴി പ്രദക്ഷിണം നടത്താൻ അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ഡൽഹി ആർച്ച് ബിഷപ്പിൻ്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ഓൾഡ് ഡൽഹി സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്‌ച കുരിശിന്‍റെ വഴി പ്രദക്ഷിണത്തിന് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാൽ പ്രദക്ഷിണം റദ്ദാക്കി. എന്നാൽ കത്തീഡ്രൽ വളപ്പിൽ കുരിശിൻ്റെ വഴി സംഘടിപ്പിക്കുന്നതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓൾഡ് ഡൽഹിയിലുള്ള സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രട്ട് ഹാർട്ട് ചർച്ചിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. രാവിലെ കുരിശിന്‍റെ വഴി പ്രദക്ഷിണം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനുള്ള അനുമതിക്കായി ഡൽഹി പൊലീസിന് അപേക്ഷയും നൽകിയിരുന്നു.
എന്നാൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി വളരെ വൈകിയാണ് ലഭിച്ചത്. അനുമതി നിഷേധിക്കാനുള്ള കാരണമെന്തെന്ന് പൊലീസ് ഇതുവരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇവിടെ പ്രദക്ഷിണം നടത്തിയിരുന്നു. ക്രിസ്ത്യൻ ആഘോഷവേളകളിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ സന്ദർശിക്കാറുള്ള പള്ളിയാണ് സേക്രഡ് ഹാർട്ട് ചർച്ച്.
ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻ്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്.
ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.