ന്യൂഡല്‍ഹി: ദിവസങ്ങൾക്ക് മുമ്പ് പെയ്‌ത മഴയെത്തുടർന്ന് ചൂടിൽ നിന്ന് ആശ്വാസം ലഭിച്ച ഡല്‍ഹിക്ക് വീണ്ടും പൊള്ളിത്തുടങ്ങി. മെയ് 16 മുതൽ രാജ്യ തലസ്ഥാനത്ത് താപനിലയില്‍ തുടർച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ എട്ടുമണിക്ക് 34 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില.
ഇന്ന് കൂടിയ താപനില 41 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും ആവുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതേസമയം ഞായറാഴ്‌ച, ഡൽഹിയിലെ പരമാവധി താപനില 42 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നുവിത്. ഹീറ്റ് ഇന്‍ഡക്‌സ് ആവട്ടെ 47.2 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. അടുത്ത 2 മുതൽ 3 ദിവസം വരെ ആകാശം തെളിഞ്ഞതായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജൂൺ 9, 10 തീയതികളിൽ ഡൽഹി-എൻസിആറിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 20 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിലാവും കാറ്റ് വീശുക. അതേസമയം, ജൂൺ 11 നും 13 നും ഇടയിൽ കാറ്റിൻ്റെ വേഗം കുറയാമെന്നും ജൂൺ 12 നും 13 നും ഇടയിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പരമാവധി താപനില 41 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 26 മുതൽ 29 ഡിഗ്രി വരെയായി തുടരാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കനുസരിച്ച്, തിങ്കളാഴ്‌ച രാവിലെ ഏഴുവരെ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 212 ആയിരുന്നു. ഫരീദാബാദിൽ 198, ഗുരുഗ്രാം 178, ഗാസിയാബാദ് 152, ഗ്രേറ്റർ നോയിഡ 196, നോയിഡ 182 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര സൂചിക.