ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ ലോക്‌സഭയിലും രാജ്യസഭയിലും സംയുക്ത പാര്‍ലമെന്‍ററി സമിതി അവതരിപ്പിച്ച റിപ്പോര്‍ട്ട് സമര്‍പ്പണ നടപടികളില്‍ അസ്വാഭാവികതകള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്ള സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാര്‍. ഇക്കാര്യങ്ങൾ വ്യക്‌തമാക്കി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ളയ്ക്കും രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനും പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവിനും സന്തോഷ് കുമാര്‍ കത്ത് നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാൻ കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിര്‍ളയ്ക്കും ധന്‍കറിനും കിരണ്‍ റിജിജുവിനും കത്ത് അയച്ചിട്ടുള്ളത്. സഭാംഗങ്ങളായ മന്ത്രിമാര്‍ക്ക് സഭാ-സംയുക്ത പാര്‍ലമെന്‍ററി സമിതി നടപടി ചട്ടങ്ങളെക്കുറിച്ച് അറിവുള്ളതുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രിമാര്‍ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെ സ്വാധീനിക്കും വിധം ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം. ചില മന്ത്രിമാര്‍ സഭാധ്യക്ഷന്‍മാരുടെ അധികാരത്തെച്ചൊല്ലി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തിയതായും സന്തോഷ് ആരോപിക്കുന്നു.
2025 ജനുവരി 30നാണ് വഖഫ് ഭേദഗതി ബില്‍ 2024 ല്‍ സംയുക്ത പാര്‍ലമെന്‍ററി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചത്. അതേദിവസം തന്നെ ലോക്‌സഭ ചട്ടപ്രകാരം റൂള്‍ 280 അനുസരിച്ച് റിപ്പോര്‍ട്ട് അച്ചടിച്ച് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാനും സ്‌പീക്കര്‍ ഉത്തരവിട്ടെന്നും സന്തോഷ് കുമാര്‍ പറയുന്നു. ഒപ്പം റിപ്പോര്‍ട്ട് അന്ന് തന്നെ ഡിജിറ്റല്‍ സന്‍സദ് വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.
സംയുക്ത പാര്‍ലമെന്‍ററി സമിതിയിലെ രാജ്യസഭയിലും ലോക്‌സഭയിലുമുള്ള ചില അംഗങ്ങളുടെ വിയോജനക്കുറിപ്പുകള്‍ അടങ്ങിയ പേജുകള്‍ റിപ്പോര്‍ട്ടിലെ നാലാം അനുബന്ധത്തില്‍ നിന്ന് നീക്കം ചെയ്‌തെന്നും സന്തോഷ് കുമാര്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഫെബ്രുവരി 13ന് ജെപിസിയിലെ ചില അംഗങ്ങളടക്കമുള്ള രാജ്യസഭാംഗങ്ങള്‍ പ്രതിഷേധിച്ചതിനിടെ ചില മന്ത്രിമാര്‍ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവനകളാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. വിയോജനക്കുറിപ്പ് നീക്കം ചെയ്‌തതിനെക്കുറിച്ചുള്ള വിശദീകരണത്തിലാണ് ഇത്തരത്തിലുള്ള പ്രസ്‌താവനകളുണ്ടായത്. നടപടി ക്രമങ്ങളെക്കുറിച്ചുള്ള അവരുടെ അജ്ഞതയാണ് ഇത്തരം പ്രസ്‌താവനകളിലേക്ക് അവരെ നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം അനുബന്ധം നാലിലെ തിരുത്തിയ ഭാഗവും രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. അതേസമയം2025 ജനുവരി 30ന് ലോക്‌സഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ഈ തിരുത്തലുകള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുത്തലുകള്‍ വരുത്തിയ റിപ്പോര്‍ട്ടാണ് ഡിജിറ്റല്‍ സന്‍സദ് വെബ്‌സൈറ്റില്‍ 2025 ഫെബ്രുവരി 13ന് അപ്‌ലോഡ് ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നീട് കൂടിയാലോചനകള്‍ നടത്തി വരുത്തിയ തിരുത്തലുകളാണിതെന്ന് പകല്‍പോലെ വ്യക്തമാണെന്നും സന്തോഷ് ആരോപിച്ചു. ലോക്‌സഭ നടപടികളിലോ ഈ മാസം പതിമൂന്നിന് ഡിജിറ്റല്‍ സന്‍സദ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലോ ഇക്കാര്യം പരാമര്‍ശിച്ചിട്ടുമില്ല. പിന്നീട് വന്ന തിരുത്തലുകളെക്കുറിച്ച് പരാമര്‍ശിക്കാത്തത് വസ്‌തുതകള്‍ മറച്ച് പിടിക്കലും പാര്‍ലമെന്‍ററിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കലുമാണെന്നും സിപിഐ എംപി കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടിലെ വിയോജിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഭരണകക്ഷിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ലോക്‌സഭയിലെ പ്രസ്‌താവന സര്‍ക്കാരിന്‍റെ തികഞ്ഞ ഏകാധിപത്യ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും സന്തോഷ് ആരോപിച്ചു. ഭരണനിര്‍വഹണ വിഭാഗത്തില്‍ നിന്ന് തികച്ചും സ്വതന്ത്രമായ ഒരു സംവിധാനമായ സംയുക്ത പാര്‍ലമെന്‍ററി സമിതി എന്തിനാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഭരണകക്ഷിയുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
'ഇവരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് ഭരണകക്ഷിയുടെ അംഗീകാരം വേണമെന്നത് പ്രോത്സാഹിപ്പിക്കാനാകുന്ന നടപടിയാണോ? ഇതിനര്‍ത്ഥം പാര്‍ലമെന്‍റിന്‍റെ അധികാരത്തിന് മേല്‍ ഭരണനിര്‍വഹണ വിഭാഗം കടന്നു കയറുന്നു എന്നാണ്. ഭരണകക്ഷിയുടെയും അനധികൃത ഇടപെടലുകള്‍ ഉണ്ടാകുന്നു. സംയുക്ത പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ടില്‍ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് ഇടപെടാന്‍ യാതൊരു അധികാരവുമില്ലെന്ന്' സന്തോഷ്‌കുമാര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടി.
'ബില്ലിനെ കുറിച്ച് പരിശോധിക്കാനും പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും വേണ്ടിയാണ് പാര്‍ലമെന്‍റ് സംയുക്ത പാര്‍ലമെന്‍ററി സമിതിയെ നിയോഗിച്ചത്. അത് കൊണ്ട് തന്നെ സഭാനാഥന്‍മാര്‍ക്കാണ് ഈ കമ്മിറ്റിയുെടയും കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെയും മേല്‍ അധികാരമുള്ളത്. മന്ത്രിമാരടക്കമുള്ള മറ്റംഗങ്ങള്‍ക്ക് ഇതേക്കുറിച്ചുള്ള നടപടി ചട്ടങ്ങള്‍ അറിയാവുന്നതുമാണ്. റിപ്പോര്‍ട്ടിലെ ഒഴിവാക്കലുകളില്‍ തീരുമാനമെടുക്കാനുള്ള സ്‌പീക്കര്‍ക്കാണ്. നടപടിക്രമങ്ങളില്‍ വന്നിട്ടുള്ള വീഴ്‌ചകളില്‍ സഭാധ്യക്ഷന്‍മാര്‍ തിരുത്തലുകള്‍ വരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും' കത്തില്‍ സന്തോഷ് പറയുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമിതി അധ്യക്ഷന്‍ ജഗദംബിക പാലിനെതിരെയടക്കം റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പുണ്ടായിരുന്നു. ഇതെല്ലാം പരിഷ്ക്കരിച്ചാണ് റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചത്. സമതി ചെയര്‍മാന്‍റെ നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇരുസഭകളിലും അരങ്ങേറിയത്. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് വിയോജനക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സഭയില്‍ പറയേണ്ടി വന്നു. പിന്നീട് അഞ്ചാം അനുബന്ധത്തിലെ വിയോജനക്കുറിപ്പുകള്‍ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു.