പേരാമ്പല്ലൂര്‍ (തമിഴ്‌നാട്): ഇലക്‌ട്രിക് സ്‌കൂട്ടർ കേടായതിനുശേഷം പരാതി നൽകിയിട്ടും ശരിയാക്കി നൽകാത്തതിൽ ഒല ഇലക്‌ട്രിക് കമ്പനിക്ക് അറുപതിനായിരം രൂപ പിഴയിട്ട് പേരാമ്പല്ലൂര്‍ ജില്ലാ ഉപഭോക്തൃ കോടതി. തമിഴ്‌നാട് പേരാമ്പല്ലൂര്‍ സ്വദേശിയായ രാജൻ ഗുരുരാജ് (50) നൽകിയ പരാതിയിലാണ് ഒല കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്.
കഴിഞ്ഞ വർഷം ജനുവരി 26 ന് ആണ് ഒലയുടെ വെബ്‌സൈറ്റിൽ ഇലക്ട്രിക് വാഹനം രാജൻ ബുക്ക് ചെയ്യുന്നത്. പിന്നീട് ഓൺലൈൻ വഴി തന്നെ ഒരു ലക്ഷം രൂപയോളം മുടക്കി വാഹനം സ്വന്തമാക്കി. ഒരു വർഷത്തിനുശേഷം മറ്റൊരു പതിപ്പിലേക്ക് വാഹനം അപ്ഡേറ്റ് ചെയ്‌തതോടെ വാഹനത്തിൻ്റെ ബാറ്ററി കേടാകുകയും ചാർജിങ് പ്രശ്‌നം നേരിടാനും തുടങ്ങി.
ഇതിനെത്തുടർന്ന് രാജൻ ഒലയുടെ ട്രിച്ചി എക്‌സ്‌പീരിയൻസ് സെൻ്ററിലേക്കും കൃഷ്‌ണഗിരിയിലെ ഒല ഹെഡ് ഓഫീസിലേക്കും ഇ-മെയിലിലൂടെയും വാട്‌സ് ആപ്പിലൂടെയും പരാതി നൽകുകയും നന്നാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. പരാതി നൽകി പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ ഒലയിലെ ടെക്‌നിക്കൽ ജീവനക്കാരൻ രാജൻ്റെ വീട്ടിലെത്തുകയും വാഹനം പരിശോധിച്ചപ്പോൾ ബാറ്ററി കേടായതായി കണ്ടെത്തുകയും ചെയ്‌തു.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ശരിയാക്കാമെന്നു പറഞ്ഞുപോകുകയും ചെയ്‌തു. എന്നാൽ നാൽപ്പത്തഞ്ച് ദിവസം കഴിഞ്ഞിട്ടും ഒലയിൽ നിന്ന് ആരും തന്നെ സമീപിക്കാതെ വന്നതോടെ ഒലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും ട്രിച്ചിയിലെ ഓല എക്‌സ്‌പീരിയൻസ് സെൻ്ററിൻ്റെ ഇൻ ചാർജിനുമെതിരെ 2024 ഫെബ്രുവരി 15 ന് അഭിഭാഷകൻ മുഖേന പേരാമ്പല്ലൂര്‍ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ മുഖേന കേസ് ഫയൽ ചെയ്യുകയായിരുന്നു.
പരാതിയെത്തുടർന്ന് ഇലക്ട്രിക് വാഹനത്തിൻ്റെ ബാറ്ററി നാൽപ്പത്തിനാല് ദിവസങ്ങൾക്ക് ശേഷം ഒല കമ്പനി മാറ്റി നൽകി. തുടർന്ന് കേസ് അന്വേഷിച്ച പേരാമ്പല്ലൂര്‍ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ ജഡ്‌ജി ജവഹർ കോടതിച്ചെലവ് ഉൾപ്പെടെ 60,000 രൂപ പരാതിക്കാരന് നൽകാൻ ഉത്തരവിടുകയായിരുന്നു.