ഭോപ്പാൽ (മധ്യപ്രദേശ്) : കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഒരു കൂട്ടം കോൺഗ്രസ് എംഎൽഎമാരെ അറസ്റ്റ് ചെയ്തു. രാജ്ഭവന് മുന്നിൽ കുത്തിയിരിപ്പ് സമരം ചെയ്ത പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറിന്‍റെ നേതൃത്വത്തിൽ 15 എംഎൽഎമാരെയാണ് അറസ്റ്റ് ചെയ്തത്. ഇരെ പിന്നീട് വിട്ടയച്ചു.
രാജ്ഭവന് മുന്നിൽ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎൻഎസ്) പ്രകാരം എംഎൽഎമാരെ അറസ്റ്റ് ചെയ്തതായി എംപി നഗർ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ അക്ഷയ് ചൗധരി പറഞ്ഞു. അതേസമയം വിട്ടയച്ചതിന് പിന്നാലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി സ്വേച്ഛാധിപത്യപരമായി മാറിയെന്ന് സിംഗാർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
'തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജനങ്ങളുടെ ശബ്ദങ്ങൾ. മാധ്യമങ്ങളും മന്ത്രി വിജയ് ഷാുടെ വിഷയം ഉന്നയിച്ചു. ബിജെപി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? ബിജെപി ഇത് സൈന്യത്തോടുള്ള അപമാനമായി കണക്കാക്കുന്നില്ലേ? സ്ത്രീകളെ അപമാനിക്കുന്നതായി കാണുന്നില്ലേ? എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്,' -അദ്ദേഹം ചോദിച്ചു.
വിജയ് ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മംഗുഭായ് പട്ടേലിന് കോൺഗ്രസ് നിവേദനം നൽകിയതായും സിംഗാർ പറഞ്ഞു. ഈ ആഴ്ച ആദ്യം ഇൻഡോറിൽ നടന്ന ഒരു പൊതുപരിപാടിയിൽ ആയിരുന്നു വിയ് ഷായുടെ വിവാദ പ്രസ്താവന. 'നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ടുതന്നെ മോദിജി പാഠം പഠിപ്പിച്ചു' എന്നായിരുന്നു മന്ത്രിയുടെ പരാമർശം. വിവാദ പരാമർശത്തിന് പിന്നാലെ വിജയ് ഷായ്ക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.