ന്യൂഡല്‍ഹി: സിപിഎം-മോദി അനുകൂല പ്രസ്‌താവനയില്‍ നിന്ന് പിന്നോട്ടുമാറാൻ തയ്യാറാകാത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെ മയക്കാൻ ഒരുങ്ങി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. പ്രത്യേക കൂടിക്കാഴ്‌ച നടത്താൻ ശശി തരൂരിനെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ തരൂര്‍ എത്തിച്ചേര്‍ന്നു.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം 'വടിയെടുത്ത്' ഉപദേശിച്ചിട്ടും തരൂരിന് ഒരു കുലക്കവും ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് പ്രശ്‌നം പരിഹരിക്കാൻ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഭരണം സ്വപ്‌നം കണ്ടുനില്‍ക്കുന്ന യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി നിരന്തരം എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്‌ത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കുകയും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ തലവേദന സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. തരൂരിന്‍റെ ആവശ്യപ്രകാരം കൂടിയാണ് ചര്‍ച്ച നടത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ശശി തരൂരുമായി സമവായത്തിലെത്തി കേണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി സഹകരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കും. ഇടതു സർക്കാരിനു കീഴിലുള്ള കേരളത്തിന്‍റെ സംരംഭക വളർച്ചയെ പ്രശംസിച്ചുകൊണ്ട് തരൂര്‍ ലേഖനം എഴുതിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനുപിന്നാലെ പ്രവർത്തക സമിതി അംഗത്വം രാജിവയ്‌ക്കണമെന്നതടക്കമുള്ള സമ്മർദം ശക്തമാകുമ്പോഴും തന്‍റെ നിലപാടിൽ തരൂര്‍ ഉറച്ചുനിന്നിരുന്നു.
ഇടതു സര്‍ക്കാരിനെ അനുകൂലിച്ച് കൊണ്ട് തരൂര്‍ എഴുതിയത് ഇങ്ങനെയായിരുന്നു...
"കേരളത്തിന്‍റെ ഭാവിയെ കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ ചിലകാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി കാണണം. കേരളീയര്‍ രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. അതുപോലെ വികസനം കാണണം എങ്കില്‍ നമ്മള്‍ എല്ലാത്തിലും ഒരുപോലെ ചിന്തിച്ച് മുന്നോട്ട് പോവണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ മാനിഫെസ്റ്റോ കമ്മറ്റിക്ക് നേതൃത്വം നല്‍കുമ്പോള്‍, നമ്മുടെ കേരളത്തില്‍ കുട്ടികളുടെ ഭാവിക്ക് വേണ്ടി നിക്ഷേപവും സ്റ്റാര്‍ട്ടപ്പുകളും സംരംഭകത്വവും ആവശ്യമാണെന്നാണ് ഞാന്‍ പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന് ചെയ്യാന്‍ കഴിവില്ല എന്നാണ് ഞാന്‍ ആ കാലത്ത് വിചാരിച്ചത്.
അത് മാത്രമല്ല. നമ്മള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് വരെ കേരളം ഇക്കാര്യത്തില്‍ 29 സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ 28-ാം സ്ഥാനത്തായിരുന്നു. 28 സംസ്ഥാനമായിരുന്നപ്പോള്‍ 26-ാം സ്ഥാനത്തായിരുന്നു. അമേരിക്കയിലും സിംഗപുരിലും പുതിയ വ്യവസായം തുടങ്ങാന്‍ മൂന്ന് ദിവസം മതി. ഇന്ത്യയില്‍ ശരാശരി 114 ദിവസം വേണം. കേരളത്തിലത് 236 ദിവസാണ് എന്നായിരുന്നു മുമ്പ് എനിക്ക് ലഭിച്ച കണക്കുകള്‍.
എന്നാല്‍ അടുത്തിടെ മന്ത്രി രാജീവിന്‍റെ പ്രസംഗത്തില്‍ ഇന്ന് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ രണ്ട് മിനിറ്റ് മതിയെന്ന് കേട്ടു. അത് പെരുപ്പിച്ച് പറഞ്ഞതല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ഞാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട ഓരോരോ കാര്യങ്ങള്‍ 18 മാസത്തില്‍ കേരള സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് അതുപോലെ തന്നെ പോവണം എന്ന് ഞാന്‍ കയ്യടിച്ച് പറയും.
എങ്കിലും ചിലര്‍ പറയുന്നുണ്ട് ഇവര്‍ ഭരിക്കുമ്പോള്‍ ചെയ്യാന്‍ തയ്യാറായിരിക്കും അടുത്ത വര്‍ഷം ഇലക്ഷന്‍ തോറ്റാല്‍ ഇതേ ആളുകള്‍ തന്നെ ഇത് തടസപ്പെടുത്തി ചുവന്ന കൊടി കാണിക്കുമെന്ന്. അത് ചെയ്യരുത്. എല്ലാ പാര്‍ട്ടികളും ഈ കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അത് ആര് ഭരിക്കുകയാണെങ്കിലും. കേരളത്തിന് ഇതാണ് ആവശ്യം. നിക്ഷേപം അത്യാവശ്യമാണ്. വികസനം അത്യാവശ്യമാണ്." തരൂര്‍ എഴുതി.
മോദിയെ പുകഴ്‌ത്തി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നേരത്തെ തരൂര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ‘‘മോദിയോട് വിലപേശൽ എളുപ്പമല്ല. അക്കാര്യത്തിൽ അദ്ദേഹം എന്നെക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്’’ എന്നായിരുന്നു ട്രംപിൻറെ പുകഴ്ത്തൽ.
ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി പ്രശംസിച്ചുവെങ്കില്‍, അത് വെറുതെയാവില്ലെന്നായിരുന്നു തരൂര്‍ പറഞ്ഞത്. ‘‘ഞങ്ങളുടെ ജനങ്ങളെ നിങ്ങൾക്ക് അപമാനിച്ചയക്കാൻകഴിയില്ലെന്ന് അടച്ചിട്ട മുറിക്കുള്ളിൽ മോദി തീർച്ചയായും ട്രംപിനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അനധികൃതമായി കുടിയേറിയവരെ തിരികെ ഇന്ത്യയിലേക്ക് അയക്കാം, ഞങ്ങൾ അവരെ നോക്കും,
അവർ ഞങ്ങളുടെ പൗരന്മാരാണ്. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് സൈനികവിമാനത്തിൽ അവരെ അയക്കുന്നത് ശരിയല്ല’’ എന്ന് മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് പരാമര്‍ശങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ കോലഹാലങ്ങള്‍ക്ക് വഴിവച്ചു.