ന്യൂഡല്‍ഹി : ഗുജറാത്തിലെ വിമാനാപകടം നടന്ന് ഒരാഴ്‌ച പിന്നിടവേ, പുതിയ കരട് നിയമങ്ങൾ പുറത്തിറക്കി സിവിൽ ഏവിയേഷൻ മന്ത്രാലയം. കര്‍ശനമായ വിമാന സുരക്ഷയ്ക്ക് വേണ്ടിയാണ് 2025ലെ എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്നലെ പ്രഖ്യാപിച്ച നിയമങ്ങള്‍ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പ്രാബല്യത്തിൽ വരും.
വിമാനത്തിന്‍റെ ടവര്‍ കണ്‍ട്രോളറിനു മുകളില്‍ നിശ്ചിത ഉയരപരിധി കവിയുന്ന കെട്ടിടങ്ങളും മരങ്ങളും കുടുതല്‍ അപകടം ഉണ്ടാക്കുന്നു. വിമാന പാതകളിലെ ഇത്തരം തടസങ്ങള്‍ക്ക് നടപടിയെടുക്കുക എന്നതാണ് ഈ നിയമങ്ങള്‍ ലക്ഷ്യമിടുന്നത്. സെക്ഷന്‍ 18 പ്രകാരം കെട്ടിടമോ മരമോ വ്യവസ്ഥകൾ ലംഘിച്ച് നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ അവയുടെ ഉടമയ്‌ക്ക് നിർദേശം നല്‍കാവുന്നതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കരട് നിയമ പ്രകാരം, മരം, കെട്ടിടം തുടങ്ങിയവ നിശ്ചിത ഉയരപരിധികള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാൽ വിമാനത്താവളത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന് അവയുടെ ഉടമക്ക് നോട്ടിസ് നൽകാവുന്നതാണ്. അറുപത് ദിവസത്തിനുള്ളിൽ ഉടമകൾ കെട്ടിടത്തിന്‍റെയും മറ്റും അളവുകളും സൈറ്റ് പ്ലാനുകളും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ സമർപ്പിക്കണം. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാല്‍ പൊളിക്കൽ അല്ലെങ്കിൽ ഉയരം കുറയ്ക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ചേക്കാം.
ബന്ധപ്പെട്ട വിമാനത്താവളത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അത്തരം ലംഘനത്തിന്‍റെ റിപ്പോർട്ട് ഡയറക്‌ടര്‍ ജനറലിനോ അല്ലെങ്കിൽ ഇതിനായി അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഉടൻ അയയ്ക്കേണ്ടതാണ് എന്ന് ഈ നിയമം പറയുന്നു. പരിശോധനയ്ക്കായി ഉടമയെ അറിയിച്ചതിന് ശേഷം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാനും വിഷയം ഡിജിസിഎയ്ക്ക് റഫർ ചെയ്യാനും കഴിയും.
ഉടമകൾക്ക് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവകാശമുണ്ട്. അനുബന്ധ രേഖകളും 1,000 രൂപ ഫീസും സഹിതം ഫോമിൽ അപ്പീലുകൾ സമർപ്പിക്കണം. ഉത്തരവുകൾ പാലിക്കുന്നവർക്ക് മാത്രമേ 2024 ലെ ഭാരതീയ വായുയൻ അധിനിവേശത്തിലെ സെക്ഷൻ 22 പ്രകാരം നഷ്‌ടപരിഹാരം അവകാശപ്പെടാൻ കഴിയൂ. വിജ്ഞാപനത്തിന് ശേഷം നിർമിക്കുന്ന പുതിയ ഘടനകൾക്ക് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കില്ല.
വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഇരുപത് ദിവസത്തിനുള്ളിൽ പൊതുജനങ്ങളിൽ നിന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം എതിർപ്പുകളും നിർദേശങ്ങളും ക്ഷണിക്കുന്നു. സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറലിന് പ്രതികരണങ്ങൾ അയയ്ക്കാം. ജൂണ്‍ 12ന് നടന്ന അഹമ്മദാബാദിലെ വിമാനാപകടത്തില്‍ 242പേരില്‍ 241 പേര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. അപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചു.
Also Read: ഗ്രാമത്തലവനെ കൊലപ്പെടുത്തി; സുക്‌മയില്‍ അഞ്ച് നക്‌സലുകള്‍ പിടിയില്‍