ബെംഗളൂരു : റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഐപിഎല്‍ വിയജം ആഘോഷിക്കുന്നതിനിടെ വീണ്ടും ദുരന്തം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. ബൗറിങ് ആശുപത്രിയില്‍ ഏഴ് പേരും വൈദേഹി ആശുപത്രിയില്‍ നാലു പേരും മരിച്ചതായി അധികൃതർ അറിയിച്ചു.
മരിച്ചവരില്‍ ഒരു സ്‌ത്രീയും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ 47 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. ടീമിന്‍റെ കന്നി ഐപിഎൽ വിജയം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയാണ് അപകടം. ഏകദേശം രണ്ട് ലക്ഷം ആരാധകർ ഇവിടെ ആഘോഷത്തിനായി ഒത്തുകൂടിയിരുന്നു.
അതേസമയം മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതർ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
'16 പേരെ ആശുപത്രിയിലെത്തിച്ചു. അവരിൽ നാലുപേർ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മരിച്ചു. മറ്റുള്ളവർക്ക് പരിക്കുകളുണ്ട്. അവർക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണ്' -വൈദേഹി ആശുപത്രിയിലെ ഡോ. എം.എസ്. ഹുമേര പറഞ്ഞു.
നൂറ് കണക്കിനാളുകള്‍ ബാരിക്കേഡുകള്‍ തകർത്ത് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വശളായത്. പൊലീസ് ലാത്തി വീശിയതോടെയാണ് പരിസരം അല്‍പമെങ്കിലും ശാന്തമായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രിയും ബൗറിങ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
അതേസമയം ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപിയുടെ വിജയേന്ദ്ര ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷ മുൻകരുതലുകള്‍ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും വിജയേന്ദ്ര ആരോപിച്ചു.
നേരത്തെ ബെലഗാവിയിലും ആർസിബിയുടെ വിജയാഘോഷത്തിനിടെ മരണം സംഭവിച്ചിരുന്നു. മഞ്ജുനാഥ കുംഭാകർ (25) എന്ന യുവാവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ആഘോഷത്തിനിടെ നൃത്തം ചെയ്യവേ കുഴഞ്ഞുവീഴുകയായിരുന്നു.
Also Read: ആർസിബിയുടെ ഐപിഎൽ വിജയാഘോഷ റാലിക്കിടെ ആരാധകൻ മരിച്ചു