ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട എഫ്‌ആറിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഒക ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന് മുന്നിലാണ് ഹര്‍ജിയെത്തിയത്.
ആഭ്യന്തര അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ജഡ്‌ജിമാരുടെ പ്രതികരണം ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മെയ് എട്ടിന് പരമോന്നത കോടതി പുറത്ത് വിട്ട ഒരു വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി ബെഞ്ച് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാന്‍ഡമസ് റിട്ട് സമര്‍പ്പിക്കും മുമ്പ് പരാതിക്കാരന്‍ കൃത്യമായി അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിരിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ഈ റിട്ട് ഹര്‍ജി പരിഗണിക്കാനാകില്ല. മറ്റ് അപേക്ഷകള്‍ ഈ അവസരത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും ബെഞ്ച് പറഞ്ഞു.
ആഭ്യന്തര സമിതി അന്വേഷണത്തിന് ശേഷം മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വര്‍മ്മയോട് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് വര്‍മ്മ ഇതിന് തയാറായില്ല. ഇതേ തുടര്‍ന്നാണ് ഖന്ന രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയത്.
അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയും മറ്റ് മൂന്ന് പേരും നല്‍കിയ ഹര്‍ദിയിലാണ് പരമോന്നത കോടതിയുടെ നടപടി. വര്‍മ്മയ്ക്കെതിരെ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, ജഡ്‌ജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രഥമദൃഷ്‌ട്യാ ശരിയാണെന്ന് ആഭ്യന്തര സമിതി കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം ജുഡീഷ്യല്‍ അച്ചടക്ക നടപടി സ്വീകരിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇത് ക്രിമിനല്‍ അന്വേഷണത്തിന് പകരമാകില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കൊല്ലം മാര്‍ച്ചിലും ഇതേ ഹര്‍ജിക്കാരന്‍ ആഭ്യന്തര അന്വേഷണത്തെ ചോദ്യം ചെയ്‌ത് പരമോന്നത കോടതിയെ സമര്‍പ്പിച്ചിരുന്നു. പൊലീസ് അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. അന്നും ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ആഭ്യന്തര നടപടികള്‍ തുടരവേ ഇത്തരത്തിലൊരു ഹര്‍ജിക്ക് സമയമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.