കൊല്‍ക്കത്ത: ബംഗാളില്‍ വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കനത്തതോടെ കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. മുർഷിദാബാദ് ജില്ലയിൽ ഉണ്ടായ പ്രതിഷേധം അക്രമാസക്തമാകുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് കേന്ദ്ര സേനയെ വിന്യസിക്കാൻ കോടതി ഉത്തരവിട്ടത്. വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ പൊട്ടിപുറപ്പെട്ടതോടെ ക്രമസമാധാനം വീണ്ടെടുക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും സംസ്ഥാന പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ജസ്റ്റിസുമാരായ സൗമെൻ സെൻ, രാജ ബസു ചൗധരി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. സംഘര്‍ഷത്തില്‍ വെടിയേറ്റ രണ്ടുപേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്. മുര്‍ഷിദാബാദിലെ സുതി, സാംസർഗഞ്ച് പ്രദേശങ്ങളിലെ സ്ഥിതി ഗുരുതരമാണ്. കേന്ദ്ര സേനയെ വിന്യസിക്കേണ്ട ആവശ്യമില്ലെന്ന തൃണമൂല്‍ സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

"പശ്ചിമ ബംഗാളിലെ ഏതാനും ജില്ലകളിൽ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാൻ കഴിയില്ല," എന്ന് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. പൗരന്മാരുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം, അതുകൊണ്ട് തന്നെ നിര്‍ബന്ധമായും ബന്ധപ്പെട്ട അധികൃതര്‍ പാരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തണം. നിലവില്‍ മുര്‍ഷിദാബാദ് ജില്ലയിലാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നതെന്നും മറ്റ് ജില്ലകളിലേക്കും ആവശ്യമെങ്കില്‍ സേനയെ വിന്യസിക്കുമെന്നും കോടതി വ്യക്തമാക്കി.
Mamata Banerjee’s Bengal is a warzone! Murshidabad violence—110+ arrested, teen shot in Suti, police vans torched, internet down in Samserganj. Riots spread to Malda, Hooghly over Waqf Act. Her appeasement lets rioters rule, Hindus flee—resign now!
— Shashank Singh (@Shank__exe) April 12, 2025
Video: ANI Shorts… pic.twitter.com/VVnlfoOiJ5
അക്രമികള്‍ക്ക് മമത സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്ന് ബിജെപി ആരോപിച്ചു. "പശ്ചിമ ബംഗാളിൽ സമാധാനവും ഐക്യവും നിലവില്‍ അസാധ്യമാണ്, കാരണം സംസ്ഥാനത്തെ ഭരണകക്ഷി തങ്ങളുടെ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. തൃണമൂല്‍ നേതാക്കളുടെയും പശ്ചിമ ബംഗാൾ സർക്കാർ മന്ത്രിമാരുടെയും വ്യാപകമായ അഴിമതി കാരണം ഏകദേശം 26,000 സ്‌കൂള്‍ അധ്യാപകർക്ക് ജോലി നഷ്‌ടപ്പെട്ട വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇത്തരം അക്രമത്തിന് സര്‍ക്കാര്‍ തന്നെ പ്രേരിപ്പിക്കുന്നു.
തീവ്രവാദികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് പൊലീസിന് മമത സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്. മമത ബാനർജി അവരുടെ കാരുണ്യത്തിലായതിനാൽ അവർ അക്രമാസക്തരാണ്. നിർഭാഗ്യവശാൽ അവരുടെ റിമോട്ട് കൺട്രോൾ ജിഹാദികളുടെ കൈവശമാണ്, അവർ കർശനമായി പ്രവർത്തിക്കാൻ ശ്രമിച്ചാൽ ഈ ഘടകങ്ങൾ അവരുടെ അധികാരം തട്ടിയെടുക്കും. നിലവില്‍ സുതിയിലും ഷംഷേർഗഞ്ചിലും ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്, ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കാൻ ഭരണകൂടം ആലോചിക്കുന്നു," സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു.

അതേസമയം, മുർഷിദാബാദിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 15 പൊലീസുകാർക്ക് പരിക്കേറ്റതായി അഡീഷണൽ ഡയറക്‌ടര്‍ ജനറൽ (ക്രമസമാധാനം) ജാവേദ് ഷമീം പറഞ്ഞു. വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമവവുമായി ബന്ധപ്പെട്ട് ഇതുവരെ 138 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും എണ്ണം ഇനിയും ഉയരുമെന്നും ഷമീം പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തില്‍ സുതി, സാംസർഗഞ്ച് പ്രദേശങ്ങളിൽ നിന്ന് വലിയ തോതിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.