ബ്രസീലിയ: 11ാമത് ബ്രിക്‌സ് പാർലമെൻ്ററി ഫോറത്തിൻ്റെ വാർഷിക യോഗം ബ്രസീലിൽ നടന്നു. ഈ വർഷം പാർലമെൻ്ററി ഫോറത്തിൽ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, ഈജിപ്‌ത്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ നേതൃത്വത്തിൽ ഉന്നതതല പാർലമെൻ്ററി പ്രതിനിധി സംഘമാണ് ഇന്ത്യയെ നയിച്ചത്. സമ്മേളനത്തിൽ പാർലമെൻ്റ് പ്രതിനിധികൾ സജീവമായി പങ്കെടുക്കുകയും സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്‌തു.
പഹൽഗാം ഭീകരാക്രമണത്തെ പാർലമെൻ്റ് ശക്തമായി അപലപിച്ചതായും ഭീകരതയോട് വിട്ടുവീഴ്‌ചയില്ലെന്ന ഇന്ത്യയുടെ നയത്തോട് സഹകരിക്കാൻ സമ്മതിച്ചതായും പ്രസ്‌താവനയിൽ പറയുന്നുണ്ട്. നിര്‍മ്മിത ബുദ്ധി, ആഗോള വ്യാപാരവും സമ്പദ് വ്യവസ്ഥയും പാർലമെൻ്ററി സഹകരണം, ആഗോള സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ച് യോഗത്തില്‍ ചർച്ച ചെയ്‌തു.
വിവിധ വിഷയങ്ങളിൽ ഇന്ത്യ അവതരിപ്പിച്ച കാഴ്‌ചപ്പാടുകൾ എല്ലാ രാജ്യങ്ങളും വിലമതിക്കുകയും അന്തിമസംയുക്ത പ്രഖ്യാപനത്തിൽ ഏകകണ്‌ഠമായി ഉൾപ്പെടുത്തുകയും ചെയ്‌തു. പ്രത്യേകിച്ച്, ഭീകരതയോടുള്ള ഇന്ത്യയുടെ നിർണായക നിലപാട് ഗൗരവമായി ചർച്ചചെയ്‌തു.
തീവ്രവാദ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുക, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുക, ആധുനിക സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുക, അന്വേഷണ നീതിന്യായ പ്രക്രിയകളിൽ സഹകരിക്കുക എന്നിവയെക്കുറിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ശക്തമായ ഭാഷയിൽ സംസാരിച്ചു.
സാങ്കേതികത പങ്കിടല്‍, ജനാധിപത്യ വിനിമയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഓംബിർള സംസാരിച്ചു. സമ്മേളനത്തിൻ്റെ സമാപനത്തിൽ, 12ാമത് ബ്രിക്‌സ് പാർലമെൻ്ററി ഫോറത്തിൻ്റെ ആതിഥേയത്വം ഇന്ത്യയെ ഏൽപിക്കുകയും ഓംബിർളയെ അതിൻ്റെ ചെയർമാനായി നിയമിക്കുകയും ചെയ്‌തു.
രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണ്‍ ഹരിവംശ്, രാജ്യസഭാ എംപി സുരേന്ദ്ര സിംഗ് നാഗർ , ലോക്‌സഭാ എംപിമാരായ വിജയ് ബഗേൽ, വിവേക് ഠാക്കൂർ, ശബാരിബ റെഡി, ലോക്‌സഭാ സെക്രട്ടറി ജനറൽ പി സി മോദി, ലോക്‌സഭാ സെക്രട്ടറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
Also Read: പെഹല്‍ഗാം ഭീകരാക്രമണം പൈശാചികം, തിരിച്ചടി നല്‍കിയ സൈന്യത്തിന് നന്ദിയെന്നും പാളയം ഇമാം